22 November, 2019 11:57:50 AM
'നിങ്ങളുടെ കുട്ടി ഇവിടെ പഠിക്കുന്നുണ്ടോ?'; ജില്ലാ ജഡ്ജിയുടെ ചോദ്യത്തിന് മുന്നില്‍ പരുങ്ങി സ്കൂള്‍ അധികൃതര്‍
കൽപറ്റ: നിങ്ങളുടെ കുട്ടി ഇവിടെ പഠിക്കുന്നുണ്ടോ? ബത്തേരി ഗവ.സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിന്‍ പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ പരിശോധനയ്ക്കെത്തിയ ജില്ലാ ജഡ്ജി എ. ഹാരിസിന്‍റെ രോഷത്തോടെയുള്ള ചോദ്യത്തിന് മുന്നില്‍ അധികൃതര്‍ നിന്നു പരുങ്ങി. പരിശോധന സമയത്ത് പ്രധാന അധ്യാപകൻ എത്താതിരുന്നതും ശ്രദ്ധിക്കപ്പെട്ടു. സ്കൂളിലേത് ശോചനീയാവസ്ഥയാണെന്നും നടപടികളില്‍ വീഴ്ചയുണ്ടെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലീഗല്‍ സര്‍വീസസ് സെക്രട്ടറി കെ. സുനിതയും സംഘത്തിലുണ്ടായിരുന്നു. സംഭവത്തിൽ ഹൈക്കോടതിക്കു നിയമസഹായ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കും. വൈകിട്ട് 3.30ന് യോഗം ചേരും. പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്‍റും പങ്കെടുക്കണമെന്നും ജില്ലാ ജഡ്ജി ആവശ്യപ്പെട്ടു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും എ.ഹാരിസ് താക്കീത് നൽകി.
ഇതിനിടെ, വിദ്യാർഥി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ കുറ്റക്കാരായ എല്ലാവർക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണു വിദ്യാർഥികൾ. ജില്ലയിലെ മറ്റ് സ്കൂളുകളിൽ ഇഴജന്തുക്കളുടെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ലാ കലക്ടർ ഉത്തരവിട്ടു. വയനാടിനു പുറമെ മറ്റു ജില്ലകളിലെ സ്കൂളുകളിലും അടിയന്തര ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് വിദ്യാഭ്യാസ വകുപ്പും നിർദേശം നൽകിയിട്ടുണ്ട്.
സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ ഇടപെട്ടു. വിഷയത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിയ്ക്കും നോട്ടീസയയ്ക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ അനാസ്ഥ കാണിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ അംഗമായ യശ്വന്ത് ജയിന്‍ അറിയിച്ചിരുന്നു.