12 November, 2019 10:05:23 PM
പാലാരിവട്ടം പാലം അഴിമതി: കേസ് വഴിത്തിരിവില്‍; അന്വേഷണം മുഹമ്മദ് ഹനീഷിലേക്ക്
കൊച്ചി : പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതിയെക്കുറിച്ചുളള അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. ഗുഢാലോചന സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെയാണ് അന്വേഷണം പുതിയ തലത്തിലേയ്ക്ക് നീങ്ങുന്നത്. പുതിയ തെളിവുകളില്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ആര്‍ബിഡിസികെ മുന്‍ എംഡി മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സ് സംഘം തീരുമാനിച്ചിരിക്കുന്നത്.
ഹനീഷിനെതിരെ മൊഴികളും തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പുതിയ അന്വേഷണ സംഘം പാലാരിവട്ടം കേസ് ഏറ്റെടുത്തതോടെ അന്വേഷണം വീണ്ടും സജീവമായിരിക്കുകയാണ്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് മുന്‍ അന്വേഷണ സംഘത്തലവന്‍ അശോക് കുമാറിനെ മാറ്റിയിരുന്നു. പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.