12 November, 2019 09:18:30 PM
കൊച്ചി നഗരത്തിലെ റോഡുകള്‍ മൂന്ന് ദിവസത്തിനകം ഗതാഗത യോഗ്യമാക്കണം; ഹൈക്കോടതി
കൊച്ചി: നഗരത്തിലെ റോഡുകളുടെ തകര്‍ച്ചയില്‍ ഇടപെടലുമായി ഹൈക്കോടതി. ശോചനീയാവസ്ഥയിലായ റോഡുകള്‍ മൂന്ന് ദിവസത്തിനകം ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് സിംഗിള്‍ ബഞ്ചിന്‍റെ മുന്നറിയിപ്പ്. കനാല്‍ നന്നാക്കാന്‍ ഡച്ച് കമ്പനി വന്നത്പോലെ റോഡിലെ കുഴിയടക്കാന്‍ അമേരിക്കയില്‍ നിന്ന് ആളെ കൊണ്ടുവരണമോ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. പ്രധാന റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് ഗതഗാത യോഗ്യമല്ലാതായിരിക്കുന്നു.
യുദ്ധകാലാടിസ്ഥാനത്തില്‍ ഈ റോഡ് നന്നാക്കാന്‍ ഇടപെടലുണ്ടാകണമെന്ന് റോഡുകളുടെ ചുമതലയുള്ള ജിസിഡിഎയ്ക്കും കൊച്ചി കോര്‍പ്പറേഷഷനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. നവംബര്‍ 15-നകം റോഡുകള്‍ നന്നാക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസിലാണ് കൊച്ചിയിലെ റോഡുകളുടെ ചുമതലയുള്ള നഗരസഭയ്ക്കും ജി.സി.ഡി.എയ്ക്കും ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.