05 November, 2019 06:46:39 AM
നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ അറസ്‌റ്റില്‍
കോഴിക്കോട്: നാലു ദിവസം പ്രായമുള്ള കുട്ടിയെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ അറസ്‌റ്റില്‍. തൃശൂര്‍ സ്വദേശിയായ 21 വയസുകാരിയെയാണ് പന്നിയങ്കര പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം തൃശൂരില്‍നിന്ന് യുവതിയെ കസ്‌റ്റഡിയിലെടുക്കുകയും പിന്നീട് അറസ്‌റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഫ്‌റ്റീരിയയില്‍ ജോലി ചെയ്യുകയായിരുന്നു യുവതി. ജോലി ചെയ്യുന്നതിനിടെയാണ് യുവതി ഒരു യുവാവുമായി പരിചയത്തിലാവുന്നത്. കുട്ടിയുടെ പിതാവ് സഹപ്രവര്‍ത്തകനും മലപ്പുറം തവന്നൂര്‍ സ്വദേശിയുമായ 19കാരനാണ്.
ഒന്നര വര്‍ഷം മുമ്പാണ് ഇരുവരും ബന്ധം തുടങ്ങിയത്. വീട്ടുകാരറിയാത്ത ബന്ധമായതിനാലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും കരിപ്പൂരീല്‍ തന്നെയായിരുന്നു താമസം. കോഴിക്കോടെത്തിയ ഇവര്‍ യുവാവിന്റെ ബുള്ളറ്റ് ബൈക്കില്‍ വന്നാണ് തിരുവണ്ണൂര്‍ മാനാരിയിലെ പള്ളിക്കു മുന്നില്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്. യുവാവ് ഗള്‍ഫിലേക്കു കടക്കുകയും ചെയ്‌തു. സംഭവ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നതിനിടെ സംശയകരമായ ബുള്ളറ്റ് ശ്രദ്ധയില്‍പ്പെടുകയും ബുള്ളറ്റ് നമ്പര്‍വഴി യുവാവിന്റെ വീട്ടിലെത്തുകയുമായിരുന്നു. യുവാവില്‍നിന്നാണ് യുവതിയുടെ വിവിരങ്ങള്‍ ലഭിച്ചത്.
എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിച്ചശേഷം നവംബര്‍ ഒന്നിന് യുവാവ് ഗള്‍ഫിലേക്കു തിരിച്ചു പോയതിനാല്‍ പിടികൂടാനായിട്ടില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രവേശിപ്പു. ഇവരുടെ കുഞ്ഞ് നിലവില്‍ ശിശുക്ഷേമ സമിതിയുടെ സെന്റ് വിന്‍സന്റ് ഹോമിലാണുള്ളത്. ഇവര്‍ക്കെതിരേ ഐ.പി.സി 317, ജുവനൈല്‍ ജസ്‌റ്റിസ് ആക്‌ട് 75 എന്നീ വകുപ്പുകള്‍ ചുമത്തി ജാമ്യമില്ലാ കേസെടുത്തിട്ടുണ്ട്.