04 November, 2019 11:34:18 AM
പ്രീഡിഗ്രി എഴുതിയിട്ടില്ലാത്ത ജോളിയ്ക്ക് ബികോമും എംകോമും; വ്യാജരേഖ ചമയ്ക്കലിനും കേസ് ?
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ എന്‍ഐടിയില്‍ അദ്ധ്യാപികയാണെന്ന് നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിച്ച മുഖ്യപ്രതി ജോളി പ്രീഡിഗ്രി പോലും പാസ്സായിട്ടില്ലെന്ന് പോലീസ്. പക്ഷേ ജോളിയുടെ കൈവശം എംജി സര്‍വകലാശാലയുടെ ബികോമിന്റെയും കേരളാസര്‍വകലാശാലയുടെ എംകോമിന്റെയും സര്‍ട്ടിഫിക്കറ്റുകളായിരുന്നു. കൂടത്തായിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ജോളിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്.
സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ പോലീസ് കേരളാ, എംജി റജിസ്ട്രാര്‍മാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. പോലീസിന്റെ കണ്ടെത്തല്‍ ശരിയാണെന്ന് വന്നാല്‍ വ്യാജരേഖ ചമച്ചതിനും ജോളിക്കെതിരേ കേസെടുക്കാനാകും. നെടുങ്കണ്ടത്ത് പ്രീഡിഗ്രിക്ക് ചേര്‍ന്ന ജോളി അവസാന വര്‍ഷം പരീക്ഷ പോലും എഴുതിയിട്ടില്ലെന്നാണ് പോലീസ് കണ്ടെത്തിയത്. പക്ഷേ കൊല്ലപ്പെട്ട് റോയിയുടെ ഭാര്യയായി കൂടുത്തായിയില്‍ വിവാഹം കഴിച്ചെത്തിയ ജോളി താന്‍ എംകോം കാരായാണെന്നായിരുന്നു നാട്ടുകാരെയും വീട്ടുകാരെയും ധരിപ്പിച്ചിരുന്നു.
പ്രീഡിഗ്രി പരീക്ഷ പോലും എഴുതാത്ത ജോളിയെങ്ങിനെയാണ് പാലായിലെ സ്വകാര്യ കോളേജില്‍ ബികോമിന് ചേര്‍ന്നതെന്ന അന്വേഷണത്തിലാണ് പോലീസിപ്പോള്‍. സ്വകാര്യ കോളേജില്‍ ബിരുദത്തിന് പഠിക്കുമ്പോള്‍ പാലായിലെ പ്രമുഖ എയ്ഡഡ് കോളേജിലാണ് താന്‍ ബിരുദം ചെയ്യുന്നതെന്നാണ് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ പ്രീഡിഗ്രി പോലെ പാരലല്‍ കോളേജില്‍ ബിരുദവും ജോളി പൂര്‍ത്തിയാക്കിയില്ല. എന്നിട്ടും അവരുടെ കയ്യില്‍ കേരളാ സര്‍വകലാശാലയുടെ എംകോം സര്‍ട്ടിഫിക്കറ്റ് വന്നതിനും പോലീസിന് കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല. എന്‍ഐടി അദ്ധ്യാപിക എന്ന് വരുത്താനായിരിക്കാം വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ചമച്ചതെന്നാണ് പോലീസ് നിഗമനം
അതിനിടയില്‍ കൊലപാതക പരമ്പരയിലെ മൂന്നാമത്തെ കേസിലും കസ്റ്റഡി അവസാനിച്ചതോടെ ജോളിയെ അടുത്ത കേസില്‍ ഇന്ന് അറസ്റ്റ് ചെയ്യും. ആല്‍ഫൈന്‍ വധക്കേസില്‍ പോലീസ് കസ്റ്റഡി അവസാനിച്ചതോടെ ജോളി വീണ്ടും ജയിലില്‍ എത്തി. ഈ കേസിലെ റിമാന്‍ഡ് 16 വരെയാണ്. സിലി വധക്കേസിലും ജോളിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് പൂര്‍ത്തിയാകാനിരിക്കെ മഞ്ചാടി മാത്യു വധക്കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍ കോടതി കഴിഞ്ഞ ദിവസം അനുമതി നേടി. ഈ കേസില്‍ ഇന്ന് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയേക്കും.