28 October, 2019 12:32:50 PM
ജീവിച്ചിരിപ്പുണ്ടോ എന്നറിയാന്‍ സെല്‍ഫി: ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ എന്‍ഡോസള്‍ഫാന്‍ രോഗികള്‍
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ രോഗി ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് തെളിയിക്കാന്‍ അംഗണ്‍വാടി വര്‍ക്കര്‍മാരുടെ കൂടെ നിന്ന് സെല്‍ഫിയെടുത്ത് നല്‍കണമെന്ന ജില്ലാ കലക്ടറുടെ പ്രസ്താവന എന്‍ഡോസള്‍ഫാന്‍ രോഗികളോടുള്ള വെല്ലുവിളിയാണെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി അഭിപ്രായപ്പെട്ടു. മുന്നണിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരച്ചുവട്ടില്‍ നടത്തിയ പ്രതിഷേധ സംഗമം കലക്ടര്‍ക്ക് താക്കീതായി. ജില്ലാ കലക്ടര്‍ തുടരെ തുടരെ രോഗികളെ അവഹേളിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു.
ജില്ലാ കലക്ടര്‍ രാജി വെക്കുന്നതു വരെ സമരം നടത്തുമെന്നും മുന്നണി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ കുട്ടിയുടെ മാതാവ് സി വി നളിനി സെല്‍ഫിയെടുത്താണ് പ്രതിഷേധ കൂട്ടായ്മ തുടങ്ങിയത്. സാമൂഹ്യപ്രവര്‍ത്തകന്‍ നാരായണന്‍ പേരിയ ഉദ്ഘാടനം ചെയ്തു. മുനീസ അമ്ബലത്തറ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതം പറഞ്ഞു. അമ്ബലത്തറ കുഞ്ഞികൃഷ്ണന്‍, പ്രേമചന്ദ്രന്‍ ചോമ്ബോല, ശിവകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. അമ്മമാരും പ്രവര്‍ത്തകരും സംഗമത്തില്‍ സംബന്ധിച്ചു.
എന്‍ഡോസര്‍ഫാന്‍ ദുരിതബാധിതരെ കൂടെ നിര്‍ത്തി അങ്കണ്‍വാടി വര്‍ക്കര്‍മാരെ കൊണ്ട് സെല്‍ഫി എടുപ്പിക്കാനുള്ള കലക്ടറുടെ തീരുമാനം അങ്ങേയറ്റം മനുഷ്യത്വരഹിതവും, മനുഷ്യാവകാശ ലംഘനവും, ദുരിതബാധിതരെ പച്ചയായി അപമാനിക്കലുമാണെന്നും സ്വയം മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ സെല്‍ഫി എടുത്തയക്കേണ്ട ഗതികേട് ലോകത്ത് മറ്റൊരിടത്തും ഉണ്ടാകില്ലെന്നും പുഞ്ചിരി കൂട്ടായ്മ കുറ്റപ്പെടുത്തി. ഇത്തരം മനുഷ്യാവകാശ ലംഘനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ബി സി. കുമാരന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഹസൈന്‍ നവാസ്, കെ ബി. മുഹമ്മദ് കുഞ്ഞി, മസൂദ് ബോവിക്കാനം, ഷരീഫ് കൊടവഞ്ചി, ബി കെ ഷാഫി, സിദ്ദീഖ് ബോവിക്കാനം, മന്‍സൂര്‍ മല്ലത്, മാധവന്‍ നമ്ബ്യാര്‍, റസാഖ് ഇസ്സത്ത്, ആഷിഫ്, ഉസ്മാന്‍, റഷീദ്, നാഫി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
അതേസമയം, സെല്‍ഫി എടുക്കുന്നത് രോഗികള്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയാനല്ലെന്നും ചില തത്പരകക്ഷികള്‍ ഈ നിര്‍ദ്ദേശത്തെ തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ കൈരളി വാര്‍ത്തയോട് പറഞ്ഞു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ കൃത്യമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സന്ദര്‍ശിക്കുന്നുണ്ടെന്നും അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഉറപ്പ് വരുത്തുന്നതിനാണ് സെല്‍ഫി എടുത്തയയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചതെന്നും കളക്ട്രേറ്റിലെ എന്‍ഡോസള്‍ഫാന്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.