26 October, 2019 12:04:59 PM
ചീമേനിയിലെ തുറന്ന ജയിലില്‍ അസിസ്റ്റന്‍റ് ജയില്‍ വാര്‍ഡന്‍ തൂങ്ങി മരിച്ച നിലയില്‍
കാസര്‍കോട്: ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനിയിലെ തുറന്ന ജയിലിലാണ് കൊല്ലം സ്വദേശിയും അസിസ്റ്റന്‍റ് ജയില്‍ വാര്‍ഡനുമായ ബി.കെ.സുബു (45)വിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജയില്‍ കോമ്പൌണ്ടിനകത്ത്, കിടപ്പുമുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് ലഭിക്കുന്ന വിവരം.
നേരത്തെ തിരുവനന്തപുരം ജയിലിലായിരുന്നു ജോലി. പിന്നീട് കണ്ണൂരിലേക്ക് മാറി. അവിടെ നിന്നും മൂന്നു മാസം മുമ്പാണ് ചീമേനി തുറന്ന ജയിലിലെത്തുന്നത്. 12 ദിവസമായി അവധിയെടുത്ത് നാട്ടിലേക്ക് പോയ സുബു വെള്ളിയാഴ്ച രാവിലെയാണ് തിരിച്ചെത്തിയത്. ശനിയാഴ്ച രാവിലെ ഡ്യൂട്ടിക്ക് കയറാന്‍ എത്താത്തതിനെ തുടര്‍ന്ന് ഫോണ്‍ വിളിച്ചപ്പോള്‍ പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സിലെത്തി നോക്കിയപ്പോള്‍ അടഞ്ഞുകിടക്കുന്നതാണ് കണ്ടത്.
സംശയം തോന്നി പോലീസിനെ വിവരമറിയിക്കുകയും ചീമേനി എസ്‌ഐ ദാമോദരന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി വാതില്‍ ചവിട്ടിത്തുറന്ന് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അവിവാഹിതനാണ് സുബു. ഒരു സഹോദരനും രണ്ട് സഹോദരിമാരുമുണ്ടെന്നാണ് വിവരം. സഹോദരന്‍ പോലീസ് ഉദ്യോഗസ്ഥനാണ്. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്ന് ചീമേനി പോലീസ് പറഞ്ഞു.