23 October, 2019 12:44:21 PM
അന്ത്യചുംബനം ആസൂത്രിതം: ഷാജുവിന് കുരുക്ക് വീഴുന്നു; സിലിയുടെ അലമാര വൃത്തിയാക്കിയത് ജോളി;
കോഴിക്കോട്: ആദ്യ ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി ക്രൈംബ്രാഞ്ച് വൃത്തങ്ങൾ. വടകര എസ്പി ഓഫീസിൽ ഷാജുവിനെയും പിതാവ് സഖറിയയെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തെളിവുകൾ എതിരായ സാഹചര്യത്തിൽ ഷാജുവിനെ അറസ്റ്റ് ചെയ്യുമെന്നുള്ള സൂചനകളും പുറത്തു വരുന്നുണ്ട്.
ഷാജുവിന്റെ മകന്, മുഖ്യപ്രതി ജോളി, ചില അയൽവാസികൾ എന്നിവരിൽനിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ വടകര എസ്പി ഓഫീസിലേക്ക് വിളിച്ചിരിക്കുന്നത്. ഇന്ന് പുലര്ച്ചെ ഏഴോടെ ഇരുവരും എസ്പി ഓഫീസിലെത്തി. ലഭിച്ച മൊഴികളും, തെളിവുകളും ഷാജുവിന്റെയും സക്കാറിയാസിന്റേയും പങ്ക് സംശയാതീതമായി തെളിയിക്കാനാവുമെന്ന് ഉറപ്പായാൽ ഇന്ന് അറസ്റ്റ് ചെയ്തേക്കും.
സിലി ജീവിച്ചിരിക്കെതന്നെ ഷാജുവിന് ജോളിയുമായി ബന്ധമുണ്ടായിരുന്നെന്നതിന്റെ തെളിവുകളാണ് അന്വേഷണസംഘം കണ്ടെത്തിയത്. സയനൈഡ് നല്കി കൊലപ്പെടുത്തിയ സിലിയുടെ മൃതദേഹം ഓമശേരിയിലെ ശാന്തി ആശുപത്രിയില്നിന്ന് ബന്ധുക്കള്ക്ക് വിട്ടുകൊടുത്തപ്പോള് സിലിയുടെ ആഭരണങ്ങള് ജോളി എറ്റുവാങ്ങിയത് ഷാജുവിനെതിരെ ശക്തമായ തെളിവാണെന്ന് പൊലീസ് വെളിപ്പെടുത്തി.
സിലിയുടെ ഭര്ത്താവ് പൊന്നാമറ്റത്തില് ഷാജു സക്കറിയാസ്, സിലിയുടെ സഹോദരന് സിജോ തുടങ്ങി ഏറ്റവും അടുത്ത ബന്ധുക്കള് ആശുപത്രിയില് ഉണ്ടായിട്ടും അത്രയും ബന്ധമില്ലാത്ത ജോളി ആഭരണങ്ങള് ഏറ്റുവാങ്ങാന് കാരണം ഷാജുവിന് ജോളിയുമായി നേരത്തെ ബന്ധമുണ്ടെന്നതിന്റെ ശക്തമായ തെളിവായാണ് പൊലീസ് ഉയര്ത്തിക്കാട്ടുന്നത്. സിലിയുടെ മൃതദേഹം പോസ്റ്റ്മോര്ട്ടം ചെയ്യണമെന്ന് സഹോദരനായ സിജോ വാശിപിടിച്ചപ്പോള് ഷാജുവും ജോളിയും ചേര്ന്ന് ശക്തമായി എതിര്ത്തതും ഇരുവര്ക്കുമെതിരായ തെളിവാകുമെന്ന് പൊലീസ് പറഞ്ഞു.
സിജോ പലതവണ ആവശ്യപ്പെട്ടിട്ടും ഷാജുവും ജോളിയും പോസ്റ്റുമോര്ട്ടത്തിന് സമ്മതിച്ചില്ല. ഒടുവില് സിജോ വഴങ്ങിയപ്പോള്, പോസ്റ്റ്മോര്ട്ടം വേണ്ടെന്ന് എഴുതി ഒപ്പിട്ടുകൊടുക്കാന് ഇരുവരും ചേര്ന്ന് സിജോയെ നിര്ബന്ധിച്ചു. എന്നാല് സഹോദരിയുടെ മരണത്തില് മാനസികനില തെറ്റിയ സിജോ ഒന്നിനും തയാറാകാതെ നിലത്തിരുന്ന് കരഞ്ഞു. പിന്നീട് കേസോ മറ്റോ ഉണ്ടായാല് പോസ്റ്റ്മോര്ട്ടം നടത്താതിരുന്നതിന്റെ കുറ്റം സിജോയുടെ മേല്കെട്ടിവയ്ക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ജോളി ഇന്നലെ മൊഴിനല്കി.
കൊല്ലപ്പെടുന്ന ദിവസം ജോളി പുലിക്കയത്തെ വീട്ടില് പോയി സിലിയെ താമരശേരിയിലേക്ക് കൂട്ടിക്കൊണ്ടുപോയതും, ഉടന്തന്നെ തന്ത്രപരമായി കൂടത്തായിയിലെ വീട്ടിലെത്തിച്ച് ഫ്രൈഡ് റൈസില് സയനൈഡ് ചേര്ത്ത് നല്കിയതും, ഷാജു സ്കൂട്ടറില് താമരശേരിയിലെത്തിയതും, പിന്നീട് താമരശേരി ദന്താശുപത്രിയില് സിലി കൊല്ലപ്പെടുന്നതുമെല്ലാം മുന്നൊരുക്കങ്ങളുടെ ഭാഗമാണെന്ന് പൊലീസ് കണ്ടെത്തി. സിലിയുടെ മൃതദേഹത്തിന് ഇരുവശത്തുമായി നിന്ന് ഷാജുവും ജോളിയും അന്ത്യചുംബനം നല്കിയതുപോലും യാദൃച്ഛികമായി സംഭവിച്ചതല്ലെന്നാണ് പോലീസ് വൃത്തങ്ങള് പറയുന്നത്.