21 October, 2019 10:53:48 AM


മഴമാറി: മഞ്ചേശ്വരത്ത് മികച്ച പോളിംഗ്; കുമ്പളയില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കി വോട്ടിംഗ് മുടങ്ങി



മഞ്ചേശ്വരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് ആദ്യ മൂന്ന് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മികച്ച പോളിംഗ്. കനത്ത മഴയില്‍ മറ്റ് നാല് മണ്ഡലങ്ങളിലും മന്ദഗതിയിലാണ് പോളിംഗ്. എന്നാല്‍, മികച്ച പോളിംഗ് നടക്കുന്ന മഞ്ചേശ്വരത്ത് ഇതുവരെ 12.18 ശതമാനം വോട്ട് രേഖപ്പെടുത്തി. മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ശങ്കര്‍ റേ അങ്കടിമോഗറു സ്കൂളിലെ ബൂത്തില്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. കുമ്പള ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ 140 നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് ഒന്നര മണിക്കൂര്‍ വോട്ടിംഗ് മുടങ്ങിയിരുന്നു.


യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി കമറുദ്ദീന്‍ രാവിലെ ഏഴ് മണിക്ക് തന്നെ ഉപ്പള മുളിന്‍ജ ബൂത്ത് നമ്ബര്‍ 73 (ഹിദായത്ത് ബസാര്‍) സന്ദര്‍ശിച്ചു എന്‍.ഡി.എ സ്ഥാര്‍ത്ഥി രവീശ തന്ത്രി കുണ്ഠാര്‍ ഏഴു മണിക്ക് കുമ്പള പഞ്ചായത്ത് 126 ബുത്ത് ബംബ്രാണ എല്‍.പി സ്‌കൂളില്‍ എത്തി. മഞ്ചേശ്വരം മണ്ഡലത്തില്‍ ആകെ 2,14,779 വോട്ടര്‍മാരുണ്ട്. ഇതില്‍ 1,07,851 പേര്‍ പുരുഷന്‍മാരും 1,06,928 സ്ത്രീകളുമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K