15 October, 2019 07:05:19 AM
സയനൈഡ് കണ്ടെത്തി; ജോളിയെ പൊന്നാമറ്റം വീട്ടിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ സയനൈഡ് കണ്ടെത്തി
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ പൊന്നാമറ്റം വീട്ടിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ സയനൈഡ് കണ്ടെത്തി. അടുക്കളയിൽ പഴയ പാത്രങ്ങൾക്കിടയിൽ കുപ്പിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സയനൈഡ്. തുണികൊണ്ട് പൊതിഞ്ഞ കുപ്പിയിൽ നിന്നാണ് സൈയനൈഡ് കണ്ടെത്തിയത്.
എന്നാൽ, ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് വ്യക്തമാക്കിയില്ല. കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡിന്റെ ബാക്കി രഹസ്യസ്ഥലത്തു സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണു തിങ്കളാഴ്ച രാത്രി പത്തോടെ അന്വേഷണസംഘം കൂടത്തായിയിൽ എത്തിയത്. രാത്രി 12നു ശേഷവും ഇവിടെ പരിശോധനകൾ തുടർന്നിരുന്നു
തെളിവെടുപ്പിന് ജോളിയെ വീണ്ടും എത്തിച്ചതറിഞ്ഞ് നിരവധി ആളുകളാണ് വീടിനു സമീപത്തേക്കെത്തിയത്. ഐഎസ്ടിസെൽ എസ്.പി ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സങ്കേതിക സംഘവും അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പമുണ്ടായിരുന്നു.
ജോളിയുടെ ഭർത്താവ് ഷാജു, ഇയാളുടെ പിതാവ് സക്കറിയാസ് എന്നിവരെ തിങ്കളാഴ്ച ഒരുമിച്ചിരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ആ സമയം ജോളിയിൽനിന്നു ലഭിച്ച വളരെ നിർണായകമായ വിവരത്തെ കുറിച്ച് ഉടനടി പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്.