15 October, 2019 12:16:59 AM
മരടില്‍ 14 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ശുപാര്‍ശ: 13 മുതല്‍ 25 ലക്ഷം വരെ
കൊച്ചി : മരടില്‍ പൊളിക്കുന്ന ഫ്ളാറ്റുടമകളില്‍ 14 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ കമ്മിഷന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ഇവരില്‍ മൂന്നുപേര്‍ക്ക് 25 ലക്ഷം രൂപ വീതം ലഭിക്കും. മറ്റുള്ളവര്‍ക്ക് 13 മുതല്‍ 21.28 ലക്ഷം രൂപ വരെ നല്‍കാനാണ് ശുപാര്‍ശ.
ഗോള്‍ഡന്‍ കായലോരം, ആല്‍ഫ സെറീന്‍, ജെയിന്‍ കോറല്‍ കോവ് എന്നിവയിലെ ഉടമകള്‍ക്കാണ് തുക ലഭിക്കുക. 51 ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. ജെയിന്‍ കോറല്‍ കോവിലെ ഫ്ളാറ്റുടമകള്‍ക്കാണ് 25 ലക്ഷം രൂപ ലഭിക്കുക.
സമിതിയുടെ നിര്‍ദേശം പ്രകാരം മരട് നഗരസഭയില്‍ 25 ഫ്ളാറ്റുടമകള്‍ രേഖകള്‍ സമര്‍പ്പിച്ചു. ഇവ പരിശോധിച്ചാണ് 19 പേരുടെ നഷ്ടപരിഹാര അപേക്ഷകള്‍ ഇന്നലെ സമിതിക്ക് സമര്‍പ്പിച്ചത്. ഇവയില്‍ 14 പേര്‍ക്ക് തുക നല്‍കാനാണ് ശുപാര്‍ശ. മറ്റുള്ളവരുടെ അപേക്ഷകള്‍ രേഖകളുടെ കുറവ് മൂലമാണ് മാറ്റിവച്ചത്.