12 October, 2019 10:47:51 AM
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫേസ്ബുക്ക് കൂട്ടായ്മ കൊച്ചിയില്‍ യോഗം ചേര്‍ന്നു
കൊച്ചി : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സംസാരിച്ചു എന്ന കുറ്റത്തിന് സന്ന്യാസ സമൂഹത്തില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഏറ്റുവാങ്ങുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഫേസ്ബുക്ക് കൂട്ടായ്മയുടെ യോഗം. എറണാകുളത്തെ വഞ്ചി സ്ക്വയറിലാണ് യോഗം. സഭാചട്ടങ്ങള്‍ക്ക് വിപരീതമായി ജീവിച്ചു എന്നാരോപിച്ചാണ് സിസ്റ്ററിനെ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്ന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയത്.
ലൂസി കളപ്പുര എന്ന ധീരവനിതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും തുടര്‍ച്ചയായി നടക്കുന്ന ഇത്തരത്തിലുള്ള അനീതികള്‍ക്കെതിരെ പ്രതികരിക്കാനുമാണ് ഫേസ്ബുക്കിലെ ജസ്റ്റിസ് ഫോര്‍ സിസ്റ്റര്‍ ലൂസി എന്ന എഫ്ബി പേജ് വഞ്ചി സ്‌ക്വയറില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. സിസ്റ്റര്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ പിന്‍വലിക്കണം എന്നാണ് കൂട്ടായ്മയുടെ പ്രധാന ആവശ്യം. ചര്‍ച്ച് ആക്‌ട് നടപ്പിലാക്കണമെന്നും സിസ്റ്റര്‍ക്കെതിരെ അപകീര്‍ത്തി ശ്രമം നടത്തിയ വൈദികര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെടുന്നു. കൂട്ടായ്മയില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയും പങ്കെടുത്തു.