12 October, 2019 10:32:04 AM
കൊച്ചിയിൽ ലഹരി പതഞ്ഞ് ഒഴുകുന്നു; വിദ്യാർഥികൾ മുതൽ ഓണ്‍ലൈൻ ഫുഡ് ഡെലിവറി ജോലിക്കാർ വരെ ഏജന്റുമാർ
കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് കഞ്ചാവ്, എംഡിഎംഎ, ഹെറോയിൻ, എൽഎസ്ഡി എന്നീ ലഹരി വസ്തുക്കളുടെ ഉപയോഗം ഗണ്യമായി വർധിക്കുന്നതായി കണക്കുകൾ. 2019ൽ ഇതുവരെ വൻ തോതിൽ കഞ്ചാവാണ് കൊച്ചിയിൽ നിന്നു പിടികൂടിയത്. ജനുവരിയിൽ 15.857 കിലോഗ്രാം, ഫെബ്രുവരിയിൽ 9.588 കിലോഗ്രാം, മാർച്ചിൽ 13.834 കിലോഗ്രാം, ഏപ്രിലിൽ 11.063 കിലോഗ്രാം, മേയിൽ 18.581 കിലോഗ്രാം, ജൂണിൽ 17.089 കിലോഗ്രാം, ജൂലൈയിൽ 13.021 കിലോഗ്രാം എന്നിങ്ങനെയാണ് നഗരത്തിൽനിന്ന് എക്സൈസ് പിടിച്ചെടുത്ത കഞ്ചാവിന്റെ കണക്കുകൾ. മുൻവർഷങ്ങളിലും കുറവല്ല.
ഗ്രാമിന് 5,000 രൂപയ്ക്ക് മുകളിൽ വിലയീടാക്കുന്ന എംഡിഎംഎയും വൻ തോതിൽ പിടികൂടിയിട്ടുണ്ട്. ജനുവരി -12 ഗ്രാം, ഫെബ്രുവരി - ആറ് ഗ്രാം, ഏപ്രിൽ - ഒന്‍പത് ഗ്രാം, മേയ് - 50 ഗ്രാം, ജൂണ്‍ - 4.55 ഗ്രാം, ജൂലൈ - അഞ്ച് ഗ്രാം എന്നിങ്ങനെയാണ് ഈ വർഷത്തിൽ പിടികൂടിയതിന്റെ കണക്കുകൾ. ഹെറോയിൻ - 40.89 ഗ്രാം, എൽഎസ്ഡി - 1.25 ഗ്രാമും പിടിച്ചെടുത്തിട്ടുണ്ട്. പലപ്പോഴായി പോലീസ് പിടികൂടിയതും മറ്റു പല പേരുകളിലുള്ള ലഹരിമരുന്നുകളുടെ കണക്കുകളും ഇതിനേക്കാളേറെയാണെന്നാണ് എക്സൈസ് അധികൃതർ വ്യക്തമാക്കുന്നത്.
നഗരത്തിൽ വിവിധ ജോലിക്ക് എത്തുന്ന യുവാക്കൾ, കോളജ് വിദ്യാർഥികൾ, ഐടി പ്രഫഷണലുകൾ, ഓണ്‍ലൈൻ ഫുഡ് ഡെലിവറി ജോലിക്കാർ തുടങ്ങിയവർ ലഹരി മാഫിയയ്ക്കായി പ്രവർത്തിക്കുന്നുണ്ട്. കൊച്ചിയിൽ ഇറക്കുമതി ചെയ്യുന്നതും ഇടനിലക്കാരാകുന്നതും ഉപഭോക്താക്കളാകുന്നതും ഇവർ തന്നെ.
ലഹരി ഉപഭോക്താക്കളിൽ കൂടുതൽ പേരും ചെറുപ്പകാലത്ത് തന്നെ മദ്യത്തിലൂടെ മയക്കുമരുന്നിലേക്ക് കടന്നുവന്നവരാണ്. ലഹരി കടത്തിലൂടെ വൻ തോതിൽ പണം കണ്ടെത്താനാകുന്നുവെന്നത് യുവാക്കളെ ഇതിലേക്ക് ആകർഷിക്കാൻ കാരണമാകുന്നു. ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്നു പുറത്തിറങ്ങിയാൽ ലഹരി വില്പന തുടരുമെന്ന് പരസ്യമായി പറഞ്ഞ പ്രതികളുമുണ്ട്. അയാളുടെ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെട്ടപ്പോൾ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നവരും നിരവധിയാണ്. ഇത്തരം മനോഭാവക്കാരാണ് ലഹരി മാഫിയയുടെ വളർച്ചയ്ക്ക് വഴിവയ്ക്കുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.