11 October, 2019 08:05:24 PM
കാസര്‍ഗോഡ് റയില്‍വേ സ്റ്റേഷനു സമീപം അനധികൃത പാര്‍ക്കിംഗ്; നടപടിക്കൊരുങ്ങി പോലീസ്
കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന യാത്രക്കാര്‍ വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി ട്രാഫിക് പോലീസ്. റെയില്‍വേ സ്‌റ്റേഷന്‍ റോഡിലും തെരുവത്തുമായാണ് ദീര്‍ഘദൂര യാത്രക്കെത്തുന്ന യാത്രക്കാര്‍ കാറുകള്‍ പാര്‍ക്ക് ചെയ്ത് പോകുന്നത്. ഇവിടെ നാട്ടുകാരും ട്രാഫിക് പോലീസും ഇടപെട്ട് പാര്‍ക്കിംഗ് നിരോധിച്ചതായി ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനടിയില്‍ തന്നെ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളുടെ നീണ്ടനിര തന്നെ കാണാം.
തെരുവത്ത് റോഡരികിലും മറ്റും കാര്‍ പാര്‍ക്ക് ചെയ്യുന്നത് നാട്ടുകാര്‍ക്ക് വന്‍ ദുരിതമായി തീരുന്നു. വെള്ളിയാഴ്ച ദിവസങ്ങളില്‍ പള്ളിയിലേക്കെത്തുന്ന നാട്ടുകാര്‍ക്ക് ഇതുമൂലം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്ത സ്ഥിതിയാണുണ്ടാകുന്നത്. റെയില്‍വേ സ്റ്റേഷനില്‍ പേ പാര്‍ക്കിംഗ് സംവിധാനമുണ്ടെങ്കിലും അതുപയോഗിക്കാതെ റോഡരികില്‍ തന്നെ കാര്‍ പാര്‍ക്ക് ചെയ്ത് പോവുകയാണ് ട്രെയിന്‍ യാത്രക്കാര്‍ ചെയ്യുന്നത്. സംഭവം സംബന്ധിച്ച് നാട്ടുകാര്‍ ട്രാഫിക് പോലീസില്‍ പരാതി നല്‍കിയിരുന്നു.
അനധികൃത പാര്‍ക്കിംഗിനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്നും വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ച് ഫൈന്‍ ഈടാക്കി വരുന്നതായും കാസര്‍കോട് ട്രാഫിക് പോലീസ് അധികൃതര്‍ പറഞ്ഞു. തുടര്‍ന്നും കര്‍ശന നടപടിയുണ്ടാകുമെന്നും അനധികൃതമായി കാര്‍ പാര്‍ക്ക് ചെയ്യുന്നവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് ചെയ്ത് പിഴയീടാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും എസ് ഐ അറിയിച്ചു.