10 October, 2019 02:32:50 PM


റോയിയെ കൊലപ്പെടുത്തിയതിന് 4 കാരണങ്ങള്‍; ജോളിക്ക് വേണ്ടി അഡ്വ. ആളൂര്‍ ഹാജരാകില്ല



കോഴിക്കോട് : കൂടത്തായി കൂട്ടകൊലപാതക കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളി ജോസഫിനെതിരെ പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയിലെ വിശദാംശങ്ങള്‍ പുറത്ത്. റോയി തോമസിന്‍റെ അമിത മദ്യപാനം, അന്ധവിശ്വാസത്തോടുള്ള എതിര്‍പ്പ്, പരപുരുഷ ബന്ധങ്ങള്‍ എതിര്‍ത്തതിലെ പകയും കൊലപാതകത്തിന് കാരണമായി. കൊല രണ്ടും മൂന്നും പ്രതികളുടെ അറിവോടെയും സഹായത്തോടെയുമാണ് ജോളി മോഴി നല്‍കിയതായി കസ്റ്റഡി അപേക്ഷയില്‍ പൊലീസ് വിശദമാക്കുന്നു.


അതേസമയം, ജോളിക്ക് വേണ്ടി ക്രിമിനല്‍ വക്കീല്‍ ബി.എ. ആളൂര്‍ ഹാജരാകില്ല. അദ്ദേഹത്തിന് പകരം ജൂനിയര്‍ അഭിഭാഷകരാണ് കോടതിയില്‍ ജോളിക്ക് വേണ്ടി ഹാജരാവുക. ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ ജയിലിലെത്തി ജോളിയുമായി ചര്‍ച്ച നടത്തിയിരുന്നു. ജോളിയുടെ അടുത്ത ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് താന്‍ കേസ് ഏറ്റെടുത്തതെന്ന് ആളൂര്‍ വ്യക്തമാക്കിയിരുന്നു. കോടതിയിലെത്തിയ ജോളിയില്‍ അഡ്വ. ബിഎ ആളൂരിന്‍റെ സംഘത്തില്‍പ്പെട്ട അഭിഭാഷകന്‍ വക്കാലത്ത് ഒപ്പിട്ട് വാങ്ങി. കോഴിക്കോട് ബാര്‍ അസോസിയേഷനിലെ അഭിഭാഷകര്‍ ജോളിക്ക് വേണ്ടി ഹാജരാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.


റോയി അതിയായ അന്ധവിശ്വാസമുള്ളയാളായിരുന്നു. ഇതിനെ പലപ്പോഴും ജോളി എതിര്‍ത്തിരുന്നു. പതിവായി മദ്യപിച്ച്‌ വരുന്നയാളായിരുന്നു റോയി തോമസ്. റോയിയുടെ മദ്യപാനം ജോളിക്ക് അസഹനീയമായിരുന്നു. ജോളിക്ക് പരപുരുഷബന്ധമുണ്ടായിരുന്നു. ഇത് റോയി തോമസ് ചോദ്യം ചെയ്തിരുന്നു. ഇതും റോയിയോട് ദേഷ്യമുണ്ടാക്കി. സ്ഥിര വരുമാനമില്ലാത്ത ഭര്‍ത്താവിനെ ഒഴിവാക്കാനും ജോളി ആലോചിച്ചു. ഇതാണ് റോയിയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.


പൊന്നാമറ്റം തറവാടുമായി ബന്ധപ്പെട്ട അഞ്ച് മരണങ്ങളും സമാനമായ സാഹചര്യങ്ങളിലാണ് നടന്നത്. ഈ ആറു മരണങ്ങള്‍ക്കും പരസ്പര ബന്ധമുണ്ട്. അഞ്ചു മരണങ്ങളിലും ജോളിയുടെ സാന്നിധ്യമുണ്ടെന്നും പൊലീസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. ഈ മരണങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കാന്‍ ജോളിയെ കസ്റ്റഡിയില്‍ ലഭിക്കേണ്ടതുണ്ട്. സയനൈഡ് എവിടെ നിന്ന് ലഭിച്ചു, എത്ര തവണ ഉപയോഗിച്ചു, എപ്പോള്‍ നല്‍കി തുടങ്ങി അന്നമ്മയുടെ മരണം മുതല്‍ സിലിയുടെ മരണം വരെയുള്ള കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ ജോളിയെ കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി.


റോയ് വധക്കേസില്‍ ജുഡീഷ്യല്‍ റിമാന്‍ഡിലായിരുന്ന മൂന്ന് പ്രതികളേയും അടുത്ത ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പതിനൊന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും ആറ് ദിവസത്തേക്കാണ് താമരശ്ശേരി കോടതിപൊലീസ് കസ്റ്റഡിയില്‍ പ്രതികളെ വിട്ടത്. ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയല്‍ മഞ്ചാടിയില്‍ മാത്യു, തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ പി പ്രജുകുമാര്‍ എന്നിവരെയാണ് കോടതി ഒക്ടോബര്‍ 16 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളുടെ അഭിഭാഷകര്‍ പൊലീസ് കസ്റ്റഡിയില്‍ വിടുന്നതിനെ എതിര്‍ത്തില്ലെങ്കിലും 11 ദിവസത്തേക്ക് വിട്ടു കൊടുക്കുന്നതിനെ മാത്യുവിന്റെ അഭിഭാഷകന്‍ എതിര്‍ത്തു.


കസ്റ്റഡിയില്‍ പോകാന്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് കോടതി പ്രതികളോട് ചോദിച്ചു. ഇല്ല എന്ന് മാത്യു മറുപടി പറഞ്ഞപ്പോള്‍ പ്രജുലും ജോളിയും ബുദ്ധിമുട്ടില്ലെന്ന തരത്തില്‍ തലയാട്ടി. ജോളിയെ കസ്റ്റഡിയില്‍ കിട്ടിയതോടെ കൂടത്തായി കൂട്ടക്കൊലയില്‍ കൂടുതല്‍ ഊര്‍ജ്ജിതമായ അന്വേഷണമായിരിക്കും ഇനി പൊലീസ് നടത്തുക. പത്ത് പേരുള്ള അന്വേഷണസംഘത്തെ ഇന്നലെ 35 പേരുള്ള സംഘമായി ഡിജിപി ഇന്ന് വിപുലപ്പെടുത്തിയിരുന്നു. ആവശ്യമെങ്കില്‍ അന്വേഷണസംഘത്തിലേക്ക് ഇനിയും ആളുകളെ ചേര്‍ക്കുമെന്നും ഡിജിപി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K