08 October, 2019 01:39:46 AM
ജോളി കുടുക്കാന്‍ ശ്രമിക്കുന്നു; ആരുടെയോ തിരക്കഥ അനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ഷാജു
കോഴിക്കോട്: കൂടത്തായി കൊലക്കേസില്‍ തന്നെ കുടുക്കാന്‍ മുഖ്യപ്രതി ജോളി ശ്രമിക്കുന്നെന്ന് ഷാജു. കൊല ചെയ്യാന്‍ ജോളിക്ക് സഹായം നല്‍കിയെന്ന് താന്‍ മൊഴി നല്‍കിയിട്ടില്ലെന്നും ജോളിയുടെ ഭര്‍ത്താവായ ഷാജു പറഞ്ഞു. താന്‍ നിരപരാധിയാണ്. എന്നാല്‍ ജീവിതത്തില്‍ തനിക്ക് ജാഗ്രതക്കുറവുണ്ടായി. കൂടത്തായി കൊലപാതക പരമ്പരയില്‍ തന്നെ കുരുക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നുവെന്ന് ഷാജു പറഞ്ഞു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു വിട്ടയച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാജു.
ജോളി തന്നെ ചതിക്കുകയായിരുന്നു. കൊല ചെയ്യാന്‍ ജോളിയെ സഹായിച്ചെന്ന് മൊഴി കൊടുത്തിട്ടില്ല. ജോളിക്കു മറ്റാരുടെയെങ്കിലും പിന്തുണ ലഭിച്ചിട്ടുണ്ടാകാം. ജോളി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. തനിക്കെതിരെ മൊഴിയുണ്ടെന്ന പ്രചാരണം തന്നെ കുരുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ്. റോയിയുടെ ബന്ധുക്കളുടെ പ്രസ്താവനകളും സംശയം ബലപ്പെടുത്തുന്നതാണെന്നും ഷാജു പറഞ്ഞു.
കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസ് ചോദിച്ചറിഞ്ഞെന്നും ഷാജു പറഞ്ഞു. തന്റെ മകളുടെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്താതിരുന്നത് പിഞ്ച് കുഞ്ഞായിരുന്നതു കൊണ്ടാണ്. പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടിയിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു. ജോളിക്ക് മറ്റാരുടെയെങ്കിലും പിന്തുണ ലഭിച്ചിട്ടുണ്ടാകാം. റോമോയുടെയും റെഞ്ചിയുടേയും മൊഴികള്‍ തിരക്കഥയ്ക്കനുസരിച്ചാണെന്നും ഷാജു പറഞ്ഞു.