07 October, 2019 08:40:46 PM


ജോളിയുടെയും ഷാജുവിന്‍റെയും വിവാഹ ആല്‍ബത്തില്‍ സംശയിക്കപ്പെടുന്ന റവന്യൂ ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും




കോഴിക്കോട്: കൂടത്തായിയില്‍ കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിന്‍റെയും രണ്ടാം ഭര്‍ത്താവ് ഷാജു സക്കറിയയുടെയും വിവാഹ ആല്‍ബത്തില്‍ സംശയിക്കപ്പെടുന്ന റവന്യൂ ഉദ്യോഗസ്ഥരുടേതടക്കം പ്രധാനികളുടെ ചിത്രങ്ങള്‍. ആദ്യ ഭാര്യ സിലി ജോളിയുടെ മടിയില്‍ കുഴഞ്ഞു വീണ് മരിച്ച്‌ കൃത്യം ഒരു വര്‍ഷവും ഒരു മാസവും കഴിഞ്ഞപ്പോള്‍ ജോളിയും ഷാജു സക്കറിയയും വിവാഹിതരായി. കടുത്ത ബന്ധുക്കളുടെ അതൃപ്തി അവഗണിച്ചായിരുന്നു വിവാഹം.


സംശയിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ ആല്‍ബത്തിലുണ്ടെങ്കിലും അത് സ്വത്ത് തട്ടിപ്പില്‍ ജോളിയെ ഇവര്‍ സഹായിച്ചു എന്നതിന് വ്യക്തമായ തെളിവുകള്‍ ഇനിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടില്ല. പക്ഷേ, സ്വത്ത് തട്ടിപ്പ് നടത്താന്‍ വ്യാജ ഒസ്യത്ത് ഒന്നും രണ്ടും തവണ ജോളി ഉണ്ടാക്കിയിട്ടുണ്ടെന്നാണ് സൂചന.


ഷാജുവും ജോളിയും വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്നുവെന്നത് സിലി മരിച്ച്‌ രണ്ട് മാസം കഴിഞ്ഞ് കൂടത്തായിയില്‍ പോയപ്പോള്‍ത്തന്നെ അറിഞ്ഞിരുന്നെന്ന് ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്‍റെ സഹോദരി റെഞ്ചി പറഞ്ഞിരുന്നു. അയല്‍വാസികള്‍ പലരോടും ഇക്കാര്യം ജോളി പറഞ്ഞിരുന്നു. സിലി മരിച്ച്‌ ഒരാണ്ട് കഴിഞ്ഞാല്‍ ഷാജുവിനെ കല്യാണം കഴിക്കുമെന്നാണ് പലരോടും ജോളി പറഞ്ഞത്.


അതേസമയം, മൃതദേഹങ്ങളുടെ രാസപരിശോധന വിദേശത്ത് നടത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അനുമതി നല്‍കിയിട്ടുണ്ടെന്ന് റൂറല്‍ എസ്പി കെജി സൈമണ്‍ അറിയിച്ചു. വിശദമായ രാസപരിശോധനാഫലം ലഭിക്കാന്‍ വേണ്ടിയാണ് ആറ് അവശിഷ്ടങ്ങളും വിദേശത്തേക്ക് അയക്കുന്നത്. ഇതുവരെ റോയ് തോമസിന്റെ മൃതദേഹത്തില്‍ നിന്ന് മാത്രമേ സയനൈഡിന്റെ അംശം കണ്ടെത്തിയതായി പോലീസിന്റെ പക്കല്‍ ആധികാരികമായ തെളിവുള്ളൂ. ബാക്കിയുള്ള ഒരു മൃതദേഹങ്ങളില്‍ നിന്നും സയനൈഡ് അംശം കിട്ടിയിട്ടില്ല.


മൃതദേഹങ്ങള്‍ മണ്ണിലഴുകിയാല്‍ പിന്നീട് സയനൈഡിന്റെ അംശം കണ്ടെത്തുക ദുഷ്‌കരമാണെന്ന് വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഈ സാഹചര്യത്തിലാണ് എല്ലാ മൃതദേഹാവശിഷ്ടങ്ങളും വിദേശത്തേക്ക് അയക്കാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. ധൃതി പിടിച്ച്‌ ആരെയും അറസ്റ്റ് ചെയ്യേണ്ടെന്ന് തന്നെയാണ് പോലീസിന്റെ തീരുമാനം. തീര്‍ത്തും ശ്രദ്ധയോടെ മുന്നോട്ടു പോകും.


സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസില്‍ എല്ലാ പഴുതും അടച്ച ശേഷം മാത്രമേ പോലീസിന് മുന്നോട്ടുപോകാനാകൂ. ഇല്ലെങ്കില്‍ ഏതെങ്കിലും ഒരിടത്ത് പ്രോസിക്യൂഷന് പ്രതിഭാഗത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാതായാല്‍ കേസിലെ മിക്കവാറും എല്ലാ തെളിവുകളും പിന്നീട് ചോദ്യചിഹ്നമായി മാറും. കോടതിയില്‍ നിന്ന് തിരിച്ചടി നേരിടാതിരിക്കാന്‍ കൃത്യമായി വല നെയ്യുകയാണ് പോലീസ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K