07 October, 2019 07:19:30 PM
ഭാര്യയെ കൊന്നു തള്ളിയിട്ട് അന്ത്യ ചുംബനം നല്‍കിയത് കാമുകി ജോളിയോടൊപ്പം; ചിത്രങ്ങള്‍ പുറത്ത്
കോഴിക്കോട്: ഷാജുവിന്‍റെ ആദ്യ ഭാര്യയായ സിലിയുടെ മൃതശരീരത്തില്‍ ഷാജുവും ജോളിയും ഒരുമിച്ച് അന്ത്യചുംബനം നല്‍കുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്ത് വന്നു. താന്‍ അന്ത്യചുംബനം നല്‍കുമ്പോള്‍ തികച്ചും അപ്രതീക്ഷിതമായി ജോളിയും തനിക്കൊപ്പം അന്ത്യചുംബനം നല്‍കിയിരുന്നതായും ഷാജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഷാജുവിന്‍റെ ആദ്യഘട്ടത്തിലെ മൊഴികളെ പൊളിക്കുന്നതാണ് പുറത്തു വന്നിട്ടുള്ള ചിത്രങ്ങള്‍.
അതേസമയം ഷാജു തന്നയാണ് ആദ്യ ഭാര്യ സിലിയേയും മകളെയും കൊലപ്പെടുത്താന്‍ ജോളിക്ക് അവസരം ഒരുക്കി നല്‍കിയതെന്ന് സമ്മതിച്ചിട്ടുണ്ട്. കുടിവെള്ളത്തില്‍ സയനൈഡ് കലര്‍ത്തിയാണ് ജോളി കൊല നടത്തിയത്. ഈ സമയം ഷാജു തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. ജോളിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. ഭാര്യയെയും മകളെയും ഒഴിവാക്കാന്‍ തീരുമാനിച്ചത് ജോളിയെ സ്വന്തമാക്കുന്നതിന് വേണ്ടിയായിരുന്നു. ഷാജുവിന്‍റെ മകന്‍റെ ആദ്യ കുര്‍ബാന ദിവസമാണ് മകള്‍ ഛര്‍ദിച്ച് മരിച്ചത്. 2016ല്‍ ജോളിക്കൊപ്പം ദന്താശുപത്രിയില്‍ ഇരിക്കുമ്പോള്‍ സിലിയും കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
ഷാജുവിനെ കുടുക്കിയത് അതിബുദ്ധിയാണെന്ന് റോയിയുടെ സഹോദരി റെഞ്ചി പറഞ്ഞു. ഇയാളുടെ പങ്കിനെ കുറിച്ച് നേരത്തെ സംശയമുണ്ടായിരുന്നുവെന്നും റെഞ്ചി പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്നും അവര്‍ പറഞ്ഞു. അതേസമയം ജോളിയെ അറസ്റ്റ് ചെയ്ത ശേഷം സാധനങ്ങള്‍ എടുക്കാന്‍ ഷാജു എത്തിയപ്പോള്‍, അദ്ദേഹത്തിന്‍റെ ഉള്ളില്‍ ഭയം ഉണ്ടായിരുന്നുവെന്ന് തനിക്ക് മനസ്സിലായെന്നും റെഞ്ചി പറഞ്ഞു. ജോളിയുടെയും ഷാജുവിന്‍റെയും കല്യാണത്തെ കുറിച്ച് നേരത്തെ തന്നെ സംശയമുണ്ടായിരുന്നുവെന്നും റെഞ്ചി പറഞ്ഞു.
ജോളി ഒറ്റയ്ക്കല്ല കൊലപാതക പരമ്പര നടപ്പാക്കിയതെന്ന കാര്യങ്ങളാണ് ഇതോടെ പുറത്തുവരുന്നത്. ഷാജുവിന്‍റെ അച്ഛന്‍ സക്കറിയക്കും ഇക്കാര്യം അറിയാമായിരുന്നുവത്രേ. ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയ് തോമസ്, അമ്മാവന്‍ മാത്യു മഞ്ചാടിയില്‍, ഷാജുവിന്റെ ആദ്യ ഭാര്യ സിലി, മകള്‍ പത്ത് മാസം പ്രായമുള്ള ആല്‍ഫിന്‍ എന്നിവരുടെ കൊലപാതകങ്ങളില്‍ ഈ മൂന്ന് പേര്‍ക്കും പങ്കുണ്ടെന്നതിലേക്കാണ് തെളിവുകള്‍ വെളിച്ചം വീശുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഷാജുവിന്‍റെ മൊഴി രേഖപ്പെടുത്തി വിശദമായി പരിശോധിക്കുന്നതായും കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്നും അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി. സൈമണ്‍ പറഞ്ഞു. മൊഴി പരിശോധിക്കണമെന്നും ഷാജു എവിടെ പോയാലും അറിയിക്കണമെന്ന നിബന്ധനയോടെയാണ് വിട്ടയച്ചതെന്നും എസ്.പി പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണത്തിന് മൃതദേഹങ്ങളുടെ രാസപരിശോധന വിദേശത്തു നടത്താന്‍ ഡി.ജി.പിയുടെ അനുമതി ലഭിച്ചെന്ന് എസ്.പി പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച ഷാജുവിനെയും ജോളിയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തിരുന്നു. ഭാര്യയെയും മകളെയും ജോളി കൊലപ്പെടുത്തിയത് തന്‍റെ അറിവോടെയാണെന്ന് ഷാജു പൊലീസിനോട് സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജോളിയുമായി പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കാനായി സിലിയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഭാര്യ സിലിയെയും മകളെയും കൊലപ്പെടുത്താന്‍ ജോളിക്ക് ഒത്താശ ചെയ്തു. മകള്‍ ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും ഷാജു പറഞ്ഞിരുന്നതായി വിവരമുണ്ടായിരുന്നു. എന്നാല്‍, ഷാജുവിന്‍റെയും ജോളിയുടെയും മൊഴി മാത്രം വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകേണ്ടെന്നാണ് പൊലീസിന്‍റെ തീരുമാനം. അതിന്‍റെ ഭാഗമായാണ് ഷാജുവിനെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതെന്നാണ് കരുതുന്നത്.