06 October, 2019 10:59:56 AM
കുരുക്കഴിയ്ക്കാനിറങ്ങി; മരണത്തിൽ നിന്ന് റോജോ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് സംഭവത്തിൽ കുരുക്കഴിയ്ക്കാനിറങ്ങിയ റോജോയും സഹോദരിയും ജോളിയില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അവധിയ്‌ക്കെത്തിയാല്‍ വീട്ടില്‍ താമസിയ്ക്കാറുള്ള റോജോ ഹോട്ടലില്‍ താമസിക്കാൻ എടുത്ത തീരുമാനം ഇയാൾക്ക് തുണയായി.
ഇതിനിടെ, കൊലപാതക പരമ്പരയില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി മുഖ്യപ്രതി ജോളിയുടേയും റോയ് തോമസിന്റെയും മകന്‍ റെമോ റോയി രംഗത്തെത്തി. ജോളി ഒറ്റയ്ക്കല്ല, ഈ കൊലപാതകങ്ങള്‍ ചെയ്തതെന്നും മറ്റൊരാളുടെ സഹായമില്ലാതെ അമ്മയ്ക്ക് ഈ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ലെന്നും മകന്‍ റെമോ പറഞ്ഞു. തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണമെന്നും അന്വേഷണസംഘവുമായി പൂര്‍ണമായി സഹകരിക്കുമെന്നും റെമോ പറഞ്ഞു.
കൊലപാതകത്തില്‍ സയനൈഡിന്‍റെ പ്രവര്‍ത്തനത്തെ പറ്റി വിശദീകരിച്ച് ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ ഡെപ്യൂട്ടി പോലീസ് സര്‍ജനും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ബി കൃഷ്ണന്‍ രംഗത്ത്. 50 കിലോ ഗ്രാം തൂക്കമുള്ള ഒരാളെ കൊല്ലാന്‍ വെറും 75 മില്ലി ഗ്രാം സയനൈഡ് മതിയെന്ന് അദേദഹം ചൂണ്ടികാട്ടുന്നു. ഒരുപാട് വര്‍ഷങ്ങള്‍ പഴക്കമുള്ള മൃതദേഹത്തില്‍ നിന്ന് വിഘടിക്കാതെ അതേ രൂപത്തില്‍ സയനൈഡ് വീണ്ടെടുത്ത് കിട്ടാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ബണും നൈട്രജനും അടങ്ങിയ പദാര്‍ഥമാണ് സയനൈഡ്.
ഇതൊരു ജൈവികമായി വിഘടിച്ചു പോവുന്ന വിഷമാണ്. സയനൈഡ് ആയിട്ടു തന്നെ വീണ്ടെടുത്താലേ സയനൈഡ് ശരീരത്തിനുള്ളില്‍ ചെന്നിട്ടുണ്ടെന്ന് ശാസ്ത്രീയമായി സ്ഥാപിച്ചെടുക്കാന്‍ കഴിയൂ. ശരീരം അഴുകിയാല്‍ ഈ കാര്‍ബണ്‍ - നൈട്രജന്‍ ബോണ്ട് നഷ്ടപ്പെട്ടേക്കാം. എന്നാല്‍ ഏറെ വര്‍ഷങ്ങള്‍ പഴക്കമുള്ള മൃതദേഹത്തില്‍ നിന്ന് അതേ രൂപത്തില്‍ സയനൈഡ് വീണ്ടെടുത്ത് കിട്ടാനുള്ള സാധ്യത കുറവാണെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.