05 October, 2019 02:24:27 PM
സ്കൂട്ടര്‍ മാറ്റിവെച്ചത് ഇഷ്ടപ്പെട്ടില്ല; ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് യുവതിയുടെ മർദ്ദനം
ആലുവ : സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരനെ യുവതി അകാരണമായി മർദിച്ചതായി പരാതി. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യം പരിശോധിച്ച് പോലീസ് യുവതിയാണ് കുറ്റക്കാരിയെന്ന് ബോധ്യപ്പെട്ടു.
യുവതിയെത്തിയ സ്കൂട്ടർ വലിയ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കുവാൻ മാറ്റിവെപ്പിച്ചു. യുവതിയുടെ വാഹനം പിന്നീട് കൂടുതൽ ഇരുചക്ര വാഹനങ്ങൾ ഇരുവശവും വന്നതോടെ എടുക്കുവാൻ സെക്യൂരിറ്റി സഹായിക്കുവാനൊരുങ്ങി. അശ്രദ്ധയോടെ സ്കൂട്ടർ പുറത്തേക്കെടുത്തെന്ന് ആരോപിച്ച് യുവാവിന്‍റെ കവിളിൽ യുവതി അടിക്കുകയായിരുന്നു .
സംഭവത്തിനുശേഷം സ്കൂട്ടറുമായി പോകാൻ ശ്രമിച്ച യുവതിയെ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് തടഞ്ഞു നിർത്തുകയായിരുന്നു . പ്രിൻസിപ്പൽ എസ്.ഐ സാംസൺ യുവതിയെ ചോദ്യം ചെയ്തശേഷം അടുത്ത ദിവസം വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് വിട്ടയച്ചു. സി സി ടി വി ദൃശ്യം പുറത്തായതോടെ സംഭവം വിവാദമായിട്ടുണ്ട്.