02 October, 2019 10:07:00 PM


138 ദിന കര്‍മപരിപാടി: മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് അധികൃതര്‍



കൊച്ചി: സുപ്രീം കോടതി പൊളിക്കാന്‍ നിര്‍ദ്ദേശിച്ച മരടിലെ ഫ്‌ളാറ്റുകളില്‍നിന്ന് ഒഴിയാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന താമസക്കാരുടെ ആവശ്യം അധികൃതര്‍ തള്ളി. ഫ്‌ളാറ്റുകള്‍ ഒഴിയുന്നതിനുള്ള സമയ പരിധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണിത്. ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതിനുള്ള 138 ദിന കര്‍മ പരിപാടിയുമായി മുന്നോട്ടു പോവുകയാണെന്നും വ്യാഴാഴ്ചയെങ്കിലും താമസക്കാര്‍ ഒഴിയാന്‍ തയ്യാറാകാത്തപക്ഷം അവര്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


താമസക്കാര്‍ക്ക് ഒഴിഞ്ഞു പോകുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മരട് മുനിസിപ്പാലിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. താമസക്കാര്‍ ഒഴിഞ്ഞുപോകുന്നതിനുള്ള സൗകര്യാര്‍ഥം പുനഃസ്ഥാപിച്ച വെള്ളം, വൈദ്യുതി കണക്ഷനുകള്‍ വ്യാഴാഴ്ച വീണ്ടും വിച്ഛേദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍, തങ്ങള്‍ക്ക് താമസിക്കുന്നതിനുള്ള താത്കാലിക സൗകര്യങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് താമസക്കാര്‍ ആരോപിക്കുന്നത്.


താത്കാലിക താമസത്തിനുള്ള നടപടികള്‍ അധികൃതര്‍ പൂര്‍ത്തിയാക്കാതെ ഫ്‌ളാറ്റുകള്‍ ഒഴിയില്ലെന്നും അവര്‍ പറഞ്ഞു.
ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ പത്തു ദിവസത്തെ സാവകാശമെങ്കിലും നല്‍കണമെന്നാണ് താമസക്കാരുടെ ആവശ്യം. എന്നാല്‍, താത്കാലിക താമസ സൗകര്യം വേണ്ടവര്‍ മരട് മുനിസിപ്പാലിറ്റി അധികൃതരെ സമീപിക്കണമെന്നാണ് എറണാകുളം ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുള്ളത്. സുപ്രീം കോടതി വിധി നടപ്പാക്കാതിരന്നാല്‍ താനടക്കം കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K