29 September, 2019 12:36:46 PM
കോടതി വിധി നടപ്പാക്കി; പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം കുർബാന നടത്തി
കൊച്ചി: സുപ്രീംകോടതി വിധി നടപ്പാക്കി ഓർത്തഡോക്സ് വിഭാഗം പിറവം സെന്റ് മേരീസ് പള്ളിയിൽ പ്രാർഥന നടത്തി. വൈദികൻ സ്കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിലാണു വിശ്വാസികൾ പള്ളിയിൽ പ്രവേശിച്ചത്. സുപ്രീംകോടതി നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും യാക്കോബായ സഭയുടേതായ ചിഹ്നങ്ങളും മറ്റും പള്ളിയിലുണ്ടെങ്കിൽ അത് നശിപ്പിക്കരുതെന്നും പോലീസ് ഓർത്തഡോക്സ് വിഭാഗക്കാർക്കു കർശന നിർദേശം നൽകിയിട്ടുണ്ട്.
രാവിലെ 7.15-ഓടെയാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചത്. 7.30-ന് പ്രഭാത പ്രാർത്ഥനയും 8.30-ന് ദിവ്യബലിയും നടത്തി. ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചതിൽ പ്രതിഷേധവുമായി യാക്കോബായ വിഭാഗം പള്ളിക്കു പുറത്തുണ്ട്. നടുറോഡിൽ കുത്തിയിരുന്നു യാക്കോബായ വിഭാഗം പ്രതിഷേധിച്ചു. ഓർത്തഡോക്സ് വിഭാഗം പള്ളിക്കകത്ത് ആരാധന നടത്തുന്പോൾ യാക്കോബായ വിശ്വാസികൾ പള്ളിക്കു പുറത്തുള്ള കുരിശിൻ തൊട്ടിയിൽ ദിവ്യബലി അർപ്പിച്ചു.
ഏറെ തർക്കങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും ഒടുവിലാണു സുപ്രിം കോടതി വിധി പിറവത്തു നടപ്പാക്കുന്നത്. ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നു ഹൈക്കോടതി നിർദേശ പ്രകാരം കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ പള്ളി ഏറ്റെടുത്തു. ഓർത്തഡോക്സ് വിഭാഗത്തിനു പള്ളിയിൽ ആരാധന നടത്താൻ ഹൈക്കോടതി അനുമതി നൽകി. പള്ളിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ അവരെ ഉടൻ അറസ്റ്റ് ചെയ്യാൻ പോലീസിനു നിർദേശം നൽകിയിരുന്നു