18 September, 2019 08:43:26 PM


ഫ്രിഡ്ജ് പൊട്ടിതെറിച്ച് വീടിന് തീ പിടിച്ചു ; രക്ഷയായത് തൊട്ടിലിൽ കിടന്ന കുഞ്ഞിന്‍റെ കരച്ചിൽ

 


കാസര്‍ഗോഡ്: രാജപുരം മാലക്കല്ല് മുണ്ടാപ്ലാവിൽ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. ഉറുമ്പേൽ ലിസി ചാക്കോയുടെ വീട്ടിലാണ് റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചത്. അത്ഭുതകരമായാണ് കുടുംബം രക്ഷപ്പെട്ടത്.തൊട്ടിലിൽ കിടന്ന പിഞ്ചു കുഞ്ഞ് കരഞ്ഞതാണ് കുടുംബത്തിന് രക്ഷയായത്. നിർത്താതെ കരഞ്ഞ കുഞ്ഞിനെ ഉറക്കാൻ വീട്ടുകാർ എണീറ്റു. ശേഷം വാതിൽ ഭദ്രമായി അടച്ച് വീണ്ടും ഉറങ്ങുകയായിരുന്നു.


പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. പൊട്ടിത്തെറിയിൽ കോൺക്രീറ്റ് വീടിന്റെ ചുമരുകൾക്ക് വിള്ളൽ വീണിട്ടുണ്ട്. വീട്ടുപകരണങ്ങൾ എല്ലാം കത്തി നാമവശേഷമായി. കംപ്രസർ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടുപകരണങ്ങൾ എല്ലാം ഉരുകിയ നിലയിലാണ്. വയറിങ് കത്തിനശിച്ചു. വീട് ഇപ്പോൾ താമസിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്.രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് വീടിന്റെ ഒരു ഭാഗം പൂർണ്ണമായും കത്തി നശിച്ചത് കണ്ടത്.


അടുക്കളയിൽ തന്നെ രണ്ട് ഗ്യാസ് സിലിണ്ടറുകൾ ഉണ്ടായിരുന്നു. ഇതിലേയ്ക്ക് തീ പടരാതിരുന്നത് മഹാഭാഗ്യമായി കുടുംബം കരുതുന്നു. തീ പടർന്നിരുന്നെങ്കിൽ ഇന്ന് ആരും ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്ന് ഇവർ പറയുന്നു. അടുക്കളയോടു ചേർന്നുള്ള മുറിയിലാണ് ലിസി ചാക്കോയുടെ മകൾ സോഫിയ, ഭർത്താവ് സജീഷ് ഫിലിപ്, മക്കൾ എന്നിവർ കിടന്നിരുന്നത്. വാതിൽ അടച്ചിരുന്നതിനാൽ തീയും പുകയും അകത്ത് കയറാതിരുന്നതാണ് ഭാഗ്യമായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K