14 September, 2019 11:29:30 AM
ഒഴിഞ്ഞു പോകാൻ മണിക്കൂറുകൾ ശേഷിക്കെ മരടിലെ ഫ്ലാറ്റുടമകൾക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികൾ
കൊച്ചി: ഒഴിഞ്ഞുപോകാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ മരടിലെ ഫ്ലാറ്റുടമകൾക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികൾ. സിപിഎമ്മും കോൺഗ്രസും ബിജെപിയും രംഗത്ത്. രാവിലെ ഫ്ലാറ്റിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉടമകളുമായി വിശദമായ കൂടിക്കാഴ്ച നടത്തി. ഫ്ലാറ്റ് പൊളിച്ചുമാറ്റുന്നതിന് എതിരായി നടക്കുന്ന സമരങ്ങൾക്ക് അദ്ദേഹം പൂര്‍ണ്ണ പിന്തുണ ഉറപ്പ് നൽകി. ഇക്കാര്യത്തിൽ നിയമപരമായി ചെയ്യാൻ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. രാഷ്ട്രീയ തര്‍ക്കം പ്രശ്നത്തിന് പരിഹാരമാകില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സര്‍ക്കാര്‍ ഇരയ്ക്കൊപ്പമോ വേട്ടക്കാരനൊപ്പമോ ? - ചെന്നിത്തല
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണോ വേട്ടക്കാരനൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരകള്‍ക്ക് ഒപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കണമെന്നും ഫ്ളാറ്റ് ഉടമകള്‍ക്ക് നീതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സബ് കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം. റിപ്പോര്‍ട്ട് തെറ്റിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കണം. ചീഫ് സെക്രട്ടറിയെക്കൊണ്ട് സത്യവാങ്മൂലം നല്‍കുകയല്ല വേണ്ടത്. താമസക്കാരുടെ അഭിപ്രായം കൂടി കേട്ടശേഷം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മരടിലെ ഫ്ലാറ്റ് വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.