13 September, 2019 01:54:37 PM
കോഴിക്കോട് വാഹന പരിശോധനയ്ക്കിടെ എട്ട് കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ എട്ട് കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. മലപ്പുറം സ്വദേശികളായ ലത്തീഫ്, ഫിറോസ് അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓണം പ്രമാണിച്ച് മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ വിപണനം തടയുന്നതിന്‍റെ ഭാഗമായി വടകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം കൃഷ്ണകുമാറിന്‍റെ നേതൃത്വത്തില്‍ വടകര പാലയാട് നാഷണൽ ഹൈവേയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
കെ എൽ 10 എ എച്ച് 3403 നമ്പറുള്ള ഓട്ടോറിക്ഷയിലാണ് 8.150 കിലോഗ്രാം കഞ്ചാവ് കടത്താൻ പ്രതികൾ ശ്രമിച്ചത്. ഈ ഓട്ടോയും എക്സൈസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതേസമയം, പ്രതികൾക്ക് കഞ്ചാവ് നൽകിയ കൈമൾ ബാബു എന്ന നിഷാലിനു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.