15 August, 2019 11:41:34 AM
വയനാട്ടിലെ നീര്‍വാരം ദുരിതാശ്വാസ ക്യാമ്പില്‍ കുട്ടികൾ ഉൾപ്പെടെ 40ഓളം പേർക്ക് ഭക്ഷ്യവിഷബാധ
കൽപ്പറ്റ: പനമരം നീര്‍വാരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നാൽപ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇതില്‍ 20 കുട്ടികളുണ്ട്. പുറത്ത് നിന്നെത്തിച്ച ബിരിയാണി കഴിച്ചാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് പുറത്തുനിന്ന് ക്യാമ്പില്‍ ഭക്ഷണം എത്തിച്ചത്. ഇത് കഴിച്ചവര്‍ക്കാണ് വയറുവേദനയും ഛര്‍ദിയും തലകറക്കവും ഉണ്ടായത്. തുടര്‍ന്ന് ഇവരെ പനമരം സി.എച്ച്.സി.യിലും മാനന്തവാടി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വെള്ളം കയറിയ പനമരം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ചെറുകാട്ടൂര്‍, അമ്മാനി, നീര്‍വാരം, കൂടമ്മാടി, പരിയാരം എന്നീ പ്രദേശങ്ങളില്‍നിന്നായി 238 പേരാണ് നീര്‍വാരം ക്യാമ്പില്‍ ഉള്ളത്. വൈകുന്നേരം ഏഴു മണിയോടെ ആരോഗ്യ വകുപ്പ് അധികൃതരും പനമരം പോലീസും ക്യാമ്പില്‍ എത്തി പരിശോധിച്ചു. പുറത്തുനിന്ന് ക്യാമ്പുകളില്‍ ഭക്ഷണമെത്തിക്കുന്നതിന് വിലക്കുണ്ട്. വിലക്ക് കര്‍ശനമാക്കി.