09 August, 2019 09:18:05 AM


വലിയ മലമ്പ്രദേശം വൻ ശബ്ദത്തോടെ താഴേയ്ക്ക് ; പുത്തുമലയില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി




കല്‍പ്പറ്റ : കേരളത്തില്‍ ശക്തമായി പെയ്ത കനത്ത മഴയില്‍ പുത്തുമലയിൽ ഉണ്ടായത് ഞെട്ടിക്കുന്ന സംഭവം. ഏകദേശം 60 ലധികം വീടുകളും പള്ളിയും പാര്‍പ്പിട കേന്ദ്രങ്ങളുമെല്ലാം സ്ഥിതി ചെയ്യുന്ന ഒരു വലിയ മലമ്പ്രദേശം വലിയ ശബ്ദത്തോടെ താഴേയ്ക്ക് ഇരിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരണം. വീടുകളും വാഹനങ്ങളും ആളുകളുമെല്ലാം മണ്ണിനടിയില്‍ പെട്ടു പോയെന്നാണ് വിവരം.


കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മണ്ണിനടിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. ​ദേശീയ ദുരന്ത നിവാരണ സേനയും ഡിഫൻസ് സെക്യൂരിറ്റി കോറും രാത്രി വൈകി രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന ക്വാര്‍ട്ടേഴ്സും കാന്റീനും വീടുകളുമെല്ലാം മണ്ണിനടിയിലായി. വലിയ ഒച്ച കേട്ടു. ശക്തമായ മഴയും കാറ്റും വൈദ്യുതിബന്ധം നിലച്ചതും മൊബൈൽ നെറ്റ്‌വർക്ക് സംവിധാനം തകരാറിലായതും രക്ഷാപ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നു. ഈ പ്രദേശത്ത് എത്തിപ്പെടാനും പ്രയാസമുണ്ട്.


വയനാട് കല്‍പറ്റയില്‍ മേപ്പാടിക്ക് സമീപമുള്ള ഏസ്റ്റേറ്റ് മേഖലയാണ് പുത്തുമല. ഹാരിസണ്‍ മലയാളത്തിന്‍റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് മേഖലയായ ഇവിടെ തോട്ടം തൊഴിലാളികളാണ് താമസിക്കുന്നത്. അമ്പലവും പള്ളിയും പ്രദേശത്തെ എസ്റ്റേറ്റ് തൊഴിലാളികള്‍ താമസിക്കുന്ന പാടിയും അടക്കം ഒട്ടേറെ കെട്ടിങ്ങള്‍ ഒലിച്ചുപോയതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ ഒട്ടേറെ പേര്‍ മാറി താമസിച്ചിരുന്നു. എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികളായി ഇവിടെ കഴിയുന്നവരും വിനോദ സഞ്ചാരികളും ഇവിടെ എത്തിയിരുന്നു.


നെഞ്ചിടിപ്പോടെ വയനാട് കഴിഞ്ഞ ദിവസം രാത്രിയില്‍ നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. അപകടത്തിന്‍റെ യഥാര്‍ത്ഥ വ്യാപ്തി എത്രയാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. ഇന്നലെ രാത്രി മുതല്‍ പുത്തുമലയില്‍ ചെറിയ തോതില്‍ ഉരുള്‍ പൊട്ടലുണ്ടായിരുന്നു ഇതേ തുടര്‍ന്ന് ഇവിടെ നിന്നും ആളുകള്‍ മാറിതാമസിച്ചു. എന്നാല്‍ ആളുകള്‍ മാറിതാമസിച്ച സ്ഥലമടക്കം മണ്ണിനടിയിലാണെന്നാണ് സംശയിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് പുറമേ വിനോദ സഞ്ചാര മേഖലയായ ഇവിടെ അനേകം റിസോര്‍ട്ടുകളും പ്രവര്‍ത്തിച്ചിരുന്നു. പാടിയിലും റിസോര്‍ട്ടുകളിലും മറ്റു കെട്ടിടങ്ങളിലുമായി അനേകര്‍ കെട്ടിടങ്ങളില്‍ ഉണ്ടായിരുന്നതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്. മലപ്പുറത്ത് നിന്നും ഇവിടെ എത്തിയ നാലു പേരെ കുറിച്ചും ഒരു വിവരവുമില്ല.


വലിയശബ്ദം കേട്ട് വീടിനുള്ളില്‍ നിന്നും ആള്‍ക്കാര്‍ ഇറങ്ങിയോടിയെന്നാണ് ദൃശ്യത്തിന് സാക്ഷിയായവര്‍ പറഞ്ഞത്. ഇറങ്ങാൻ പറ്റുന്നവരും പുറത്തുള്ളോരും ഇറങ്ങിയോടി. അവിടെ ഉണ്ടായിരുന്ന ക്വാർട്ടേഴ്സും കാന്റീനും മൊത്തത്തിൽ പോയി. രണ്ടുമൂന്നാല് കാറുകൾ പോയി. കുറെ ആളു‍കൾ കാണാൻ നിൽക്കുന്നുണ്ടായിരുന്നു. അവരൊക്കെ ഓടിരക്ഷപ്പെട്ടോ മണ്ണിനടിയിൽപെട്ടോ എന്നൊന്നും അറിയില്ലെന്നും ഇവര്‍ പറയുന്നു.


ക്വാർട്ടേഴ്സിനുള്ളില്‍ ഉണ്ടായിരുന്നവരും കാന്റീനകത്തുണ്ടായിരുന്നവരും മണ്ണിനടിയില്‍ പെട്ടതായി പലരും ഉറപ്പാക്കുന്നു. കന്റീൻ നടത്തിയിരുന്നവരുടെ ഒന്നരവയസ്സുള്ള കുട്ടിയെ കാണാനില്ലെന്നും ഇവിടെയുണ്ടായിരുന്ന ഒരു ബാലനെ രക്ഷപ്പെടുത്തിയതായും പറയുന്നു. രണ്ടു മൃതദേഹങ്ങളും മേപ്പാടിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. നാട്ടുകാരുടെ സംഘം പുത്തുമലയുടെ അക്കരെയും സൈന്യം ഇക്കരെയുമായി രക്ഷാ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. സംഭവം നടന്നിട്ട് ഇപ്പോള്‍ 12 മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നതിനാല്‍ സ്ഥിതി കൂടുതല്‍ വഷളാകും. പള്ളിയും ക്ഷേത്രവും പാടിയും ഒലിച്ചുപോയതായി നാട്ടുകാര്‍ പറയുന്നു. മാറിത്താമസിച്ചവര്‍ മാത്രം രക്ഷപ്പെട്ടിരിക്കാമെന്നാണ് വിവരം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K