12 July, 2019 08:15:47 PM
ഗൾഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ യുവാവിനെ അഞ്ചംഗ സംഘം പതിയിരുന്ന് ആക്രമിച്ചു
കാസർകോട്: ഗൾഫിലേക്ക് യാത്ര പോകാനിരുന്ന യുവാവിനെ അഞ്ചംഗ സംഘം മാരകമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു. പരിക്കേറ്റ കീഴൂർ ചെമ്പിരിക്ക റോഡിലെ അബ്ദുല്ലയുടെ മകൻ എ.എം.അഷ്റഫി (38)നെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടോടെ കീഴുർ ടൗൺ മസ്ജിദിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് ബൈക്കിൽ സഹോദരന്‍റെ മകൻ ഒമ്പത് വയസ് കാരനായ സാബിത്തിനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ രണ്ട് പേർ കൈ കാണിച്ച് ബൈക്ക് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ബൈക്ക് നിർത്തി കാര്യം അന്വേഷിക്കുന്നതിനിടയിൽ താക്കോൽ എടുത്ത് ഭീഷണിപ്പെടുത്തുകയും ഇരുട്ടിന്‍റെ മറവിൽ നിന്ന് മുഖം മൂടി ധരിച്ച മൂന്നു പേർ ചാടി വീഴുകയും ഇരുമ്പ് വടി, ആണിയടിച്ച മരവടി എന്നിവ കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് അഷ്റഫ് പറഞ്ഞു.
സാബിത്ത് ഓടി രക്ഷപ്പെട്ടു.ശബ്ദം കേട്ട് പരിസരവാസികൾ എത്തിയപ്പോഴും ആക്രമികൾ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരാണ് മാരകമായി പരിക്കേറ്റ അഷ്റഫിനെ ആശുപത്രിയിൽ എത്തിച്ചത്. ഒന്നര മാസം മുമ്പ് അഷ്റഫിന്‍റെ സഹോദരന്‍റെ മകൻ 19 വയസ്കാരനൊപ്പം ഭർതൃമതി നാട് വിട്ടിരുന്നു. 10 ദിവസം കഴിഞ്ഞാണ് ഇരുവരും തിരിച്ചെത്തിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം 19കാരനെ പിന്നീട് വിസ സംഘടിപ്പിച്ച് ഗൾഫിലേക്ക് കയറ്റി വിട്ടിരുന്നു. ഇതിന് ശേഷം ഭർതൃമതിയുടെ സഹോദരൻ അഷ്റഫിനെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി സഹോദരന്‍റെ നേതൃത്വത്തിലാണ് ആക്രമിച്ചതെന്നും അഷ്റഫ് പരാതിപ്പെട്ടു.