07 July, 2019 12:43:56 PM
'മാഡം ബൈഠിയേ...' വേണ്ട 'മലയാളം മനസിലാകും': മനസു തുറന്ന് റെസിയും സബ് കളക്ടറും
ഏറ്റുമാനൂര്‍: "മാഡം ബൈഠിയേ" എന്ന് റെസി മാത്യു. "മലയാളം മനസിലാകും" എന്ന് സബ് കളക്ടര്‍. ഏറ്റുമാനൂര്‍ പുന്നത്തുറയിലെ തന്‍റെ വീട്ടിലെത്തിയ ഝാർഖണ്ഡ് റാഞ്ചി സ്വദേശിയായ സബ് കളക്ടര്‍ ഈഷ പ്രിയയെ റെസി മാത്യു ഹിന്ദിയില്‍ ക്ഷണിച്ചപ്പോഴുള്ള മറുപടിയായിരുന്നു ഇത്. തുടര്‍ന്നുള്ള ഇവരുടെ സംസാരത്തില്‍ നിറയെ മലയാളവും ഹിന്ദിയും മാറിമാറി വന്നത് സ്ഥലത്തെത്തിയവരെയും അത്ഭുതപ്പെടുത്തി.
പാലാ അല്‍ഫോന്‍സാ കോളേജിലെ ബി.എ. ഹിസ്റ്ററി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ 52 കാരി റെസിയെ വായനാ പക്ഷാചരണത്തിന്‍റെ ഭാഗമായി ആദരിക്കാനാണ് സബ് കളക്ടര്‍ പുന്നത്തുറയിലെ വീട്ടിലെത്തിയത്. പഠനം മുടങ്ങിയിടത്തു നിന്നും വര്‍ഷങ്ങള്‍ക്കുശേഷം സാക്ഷരതാ മിഷന്‍റെ കൈപിടിച്ച് പഠിച്ചു ജയിച്ച് കോളേജിലെത്തിയതിന്‍റെ സന്തോഷവും സ്വന്തമായി കിടപ്പാടമില്ലാത്തതിന്‍റെ വിഷമവും റെസി ഈഷ പ്രിയയുമായി പങ്കുവച്ചു.
കോളേജ് യൂണിഫോമിലാണ് സബ് കളക്ടറെ റെസി തന്‍റെ വീട്ടിലേക്ക് ക്ഷണിച്ചത്. ഉപജീവനത്തിനായി നാടുവിട്ട് ജോലി ചെയ്ത കാലത്താണ് ഹിന്ദി പഠിച്ചതെന്ന് അവര്‍ പറഞ്ഞു. പത്താം തരം കഴിഞ്ഞ് പഠനം നിര്‍ത്തിയ റെസി മധ്യപ്രദേശില്‍ ഒരു ഫാക്ടറിയില്‍ തൊഴിലാളിയായിരുന്നു. 2016-17ലാണ് സാക്ഷരതാ മിഷന്‍റെ പ്ലസ് ടൂ തുല്യതാ പരീക്ഷ വിജയിച്ചത്. അടുത്ത വീടുകളില്‍ ജോലിക്കു പോയ ശേഷമാണ് കോളേജിലേക്കുള്ള യാത്ര. റഗുലര്‍ വിദ്യാര്‍ഥിയായതിനാല്‍ കോളേജ് അവധി ദിവസങ്ങളില്‍ മാത്രമേ മറ്റു ജോലികള്‍ക്ക് പോകാനാകൂ.
പ്രായത്തെയും ജീവിത പ്രാരാബ്ധങ്ങളെയും തോല്‍പ്പിച്ച് പഠനം നടത്തുന്നതില്‍ റെസിയെ അഭിനന്ദിച്ച സബ് കളക്ടര്‍ അവരുടെ ജീവിതം ഒരുപാടു പേര്‍ക്ക് പ്രചോദനമാകുമെന്ന് ചൂണ്ടിക്കാട്ടി. വക്കീലാകാനാണ് അഗ്രഹമെങ്കിലും അത് സാധിക്കുമോ എന്ന് ഉറപ്പില്ലെന്ന് രണ്ടു മക്കളുടെ അമ്മയായ റെസി പറഞ്ഞു. ഏറെ പ്രതിസന്ധികളെ അതിജീവിച്ച റെസിക്ക് അതിനും കഴിയുമെന്ന് സബ് കളക്ടര്‍ ധൈര്യപ്പെടുത്തി. പൊന്നാടയണിയിച്ച് സമ്മാനമായി പുസ്തകങ്ങള്‍ കൈമാറി മടങ്ങുമ്പോള്‍ വീടു സ്വന്തമാക്കാനുള്ള പരിശ്രമത്തില്‍ കഴിയും വിധം സഹായിക്കാമെന്ന് ഈഷ പ്രിയ വാഗ്ദാനം ചെയ്തു.
നഗരസഭാ കൗണ്‍സിലര്‍ ബിജു കുമ്പിക്കല്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.വി രതീഷ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.ആര്‍ ചന്ദ്രമോഹനന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, അസിസ്റ്റന്‍റ് എഡിറ്റര്‍ കെ.ബി ശ്രീകല, സാക്ഷരതാ പ്രചാരക് ബെന്നി നരിക്കുഴി തുടങ്ങിയവരും സന്നിഹിതരായിരുന്നു.