06 July, 2019 05:43:21 PM


സാമ്പിൾ ശേഖരണത്തിന് മുന്നോടിയായി പാലാരിവട്ടം മേൽപ്പാലത്തില്‍ വീണ്ടും വിജിലൻസ് പരിശോധന



കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തില്‍ വീണ്ടും വിജിലൻസ് പരിശോധന. റൂർക്കി ഐഐടിയിലെ പ്രൊഫസറും ഇന്ത്യൻ റോഡ് കോൺഗ്രസ്‌ അംഗവുമായ ഭൂപീന്ദർ സിംഗിന്‍റെ നേതൃത്വത്തിലാണ് പരിശോധന. ബലക്ഷയം കണ്ടെത്താൻ സാമ്പിൾ ശേഖരിക്കുന്നതിന് മുന്നോടിയായാണ് വീണ്ടും പരിശോധന. 


കഴിഞ്ഞയാഴ്ച പാലാരിവട്ടം മേൽപ്പാലത്തിന്‍റെ നിർമാണത്തിലെ പാളിച്ചകൾ കണ്ടെത്താൻ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗത്തിലെ എഞ്ചിനീയർമാരും തൃശൂർ ഗവൺമെന്‍റ് എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫസർമാരും വിജിലൻസ് എൻജിനീയറും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ബലക്ഷയം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനായിരുന്നു അന്നത്തെ പരിശോധന.


ദേശീയപാത എൻജിനീയർമാരുടെ ഉന്നതാധികാര സമിതിയായ ഇന്ത്യൻ റോഡ് കോൺഗ്രസ്സിൽ നിന്നും വിദ​ഗ്‍ധരുടെ ഉപദേശം ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായും വിജിലൻസ് ഡിവൈഎസ്പി അശോക് കുമാർ പറഞ്ഞിരുന്നു. പാലത്തിന്‍റെ ഡിസൈൻ, നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് പിടിച്ചെടുത്തിരുന്നു. ഇവ പരിശോധിച്ച ശേഷമാണ് വിജിലൻസ് സംഘം പാലം വീണ്ടും സന്ദർശിച്ചത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K