23 June, 2019 01:16:41 AM
ദീര്‍ഘദൂര ബസുകളില്‍ സ്ത്രീകളുടെ സുരക്ഷ; വനിതാ കമ്മീഷന്‍ ശുപാര്‍ശകള്‍ ജൂലൈ നാലിന് സമര്‍പ്പിക്കും
കോട്ടയം: ദീര്‍ഘദൂര ബസുകളില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷയും പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഉറപ്പു വരുത്തുന്നതു സംബന്ധിച്ച ശുപാര്‍ശകള്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ജൂലൈ നാലിന് സര്‍ക്കാരിന് സമര്‍പ്പിക്കും. അന്തര്‍ സംസ്ഥാന ബസുകളില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് പരാതികള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ കമ്മീഷന്‍ ഇടപെട്ടതെന്ന് കോട്ടയത്തു നടന്ന അദാലത്തിനുശേഷം അംഗം അഡ്വ. ഷിജി ശിവജി പറഞ്ഞു.
യാത്രക്കാരിക്കു നേരെ പീഡന ശ്രമമുണ്ടായതു സംബന്ധിച്ച കേസില്‍ കല്ലട ട്രാവല്‍സ് ഉടമയെ ജൂലൈ നാലിന് കമ്മീഷന്‍ ആസ്ഥാനത്ത് വിസ്തരിക്കും. വ്യാജ സന്ദേശം നല്‍കി അന്‍പതിനായിരം രൂപ തട്ടിയെടുത്ത ഫെയ്സ് ബുക്ക് സൂഹൃത്തിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വീട്ടമ്മ നല്‍കിയ പരാതി അദാലത്തില്‍ പരിഗണിച്ച കമ്മീഷന്‍ അന്വേഷണത്തിനായി സൈബര്‍ സെല്ലിന് കൈമാറി. വിദേശ കമ്പനി വീട്ടമ്മയ്ക്ക് സമ്മാനമായി അയച്ച സാധനസാമഗ്രികള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ടെന്നും കസ്റ്റംസ് ക്ലിയറന്‍സ് നടത്തി വീട്ടിലെത്തിക്കാമെന്നും വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. സൈബര്‍ മാധ്യമങ്ങളിലൂടെ സ്ത്രീകളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.
ഇന്നലെ 85 കേസുകള്‍ പരിഗണിച്ച കമ്മീഷന്‍ 17 കേസുകള്‍ തീര്‍പ്പാക്കി. ഏഴു പരാതികള്‍ കൂടുതല്‍ അന്വേഷണത്തിനായി പോലീസിന് കൈമാറി. 31 എണ്ണം ജൂലൈ എട്ടിനു നടക്കുന്ന അദാലത്തില്‍ പരിഗണിക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സിറ്റിംഗില്‍ കമ്മീഷനംഗം ഇ.എം.രാധ, കമ്മീഷന്‍ ഡയറക്ടര്‍ വി.യു കുര്യാക്കോസ്, കമ്മീഷന്‍ സൂപ്രണ്ട് വൈ. അനി തുടങ്ങിയവരും പങ്കെടുത്തു