14 June, 2019 08:22:25 PM
കാണാതായ സിഐ നവാസിന് വേണ്ടി പ്രത്യേക അന്വേഷണ സംഘം: എസിപിയെ ചോദ്യം ചെയ്തു
കൊച്ചി: കാണാതായ കൊച്ചി സെൻട്രൽ സിഐ നവാസിനു വേണ്ടി അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാകും അന്വേഷണസംഘം. തൃക്കാക്കര പോലീസ് അസിസ്റ്റന്റ് കമ്മീഷണർ കെ സ്റ്റുവർട്ട് കീലർ, പാലാരിവട്ടം പോലീസ് ഇൻസ്പെക്ടർ ശ്രീജേഷ് പി എസ് എന്നിവർ ഉൾപ്പെടെ 20 അംഗ സംഘത്തിനാണ് രൂപം നൽകിയിരിക്കുന്നത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ഷേയ്ക്ക് ദർവേഷ് സാഹിബ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറെ എന്നിവർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
നവാസിനെ കൊല്ലത്ത് കണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് തെരച്ചിൽ അങ്ങോട്ടും വ്യാപിപ്പിച്ചിട്ടുണ്ട് പൊലീസ്. ഇതിനിടെ നവാസിനെ മാനസികമായി പീഡിപ്പിച്ചുവെന്ന് പറയുന്ന എസിപിയ്ക്കെതിരെ പോലീസ് സേനയിലെ ഒരു വിഭാഗം രംഗത്തുവന്നു. മേലുദ്യോഗസ്ഥരുടെ പീഡനത്തെത്തുടർന്നാണ് സിഐ നവാസ് നാട് വിട്ടതെന്നാരോപിച്ച് ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് മേലുദ്യോഗസ്ഥനായ കൊച്ചി എസിപി സുരേഷ് കുമാറിനെ ഡിസിപി പൂങ്കുഴലി ചോദ്യം ചെയ്തു. സിഐയെ കണ്ടെത്തുന്നതിനാണ് പ്രാഥമിക പരിഗണനയെന്നും ഭാര്യയുടെ പരാതിയടക്കം വിശദമായി അന്വേഷിക്കുമെന്നും ഡിസിപി വ്യക്തമാക്കി.