11 June, 2019 08:44:03 PM


ഫുള്‍ജാര്‍ സോഡ: വില്‍പ്പന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ; ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി തുടങ്ങി




കൽപ്പറ്റ: വയനാട് ജില്ലയില്‍ വിവിധ പ്രദേശങ്ങളിൽ വിൽപ്പന നടത്തുന്ന ഫുൾ ജാർ സോഡയെക്കുറിച്ചുളള  പരാതിയും സംശയവും ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി. കൽപ്പറ്റ ടൗണിൽ നടത്തിയ പരിശോധനയിൽ യാതൊരു ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഫുൾ ജാർ സോഡ വിൽപ്പന നടത്തുന്നതെന്ന് കണ്ടെത്തി.

പച്ചമുളക്, ഇഞ്ചി, പൊതിന എന്നിവ അരച്ച മിശ്രിതവും, ഉപ്പും, പഞ്ചസാരയും, കസ്‌കസും ലായനിയാക്കി ചെറിയ ഗ്ലാസിൽ നിറച്ച് സോഡ നിറച്ച വലിയ ഗ്ലാസിലേക്കിടുന്നതാണ് ഫുൾ ജാർ സോഡ.  ഇത്തരം സോഡ കുടിക്കാൻ വലിയ തിരക്കാണ് വിൽപ്പനകേന്ദ്രങ്ങളിൽ അനുഭവപ്പെടുന്നത്. സോഡ തയ്യാറാക്കുന്ന വലുതും ചെറുതുമായ ഗ്ലാസുകൾ കഴുകുന്ന വെളളം മാറ്റാതെയും സോഡയിലേക്ക് ഇറക്കുന്ന ചെറിയ ഗ്ലാസിന്‍റെ അടിഭാഗം വേണ്ടത്ര വൃത്തിയില്ലാത്ത രീതിയിലുമാണ് കൈകാര്യം ചെയ്യുന്നത്. ഇത് ഭക്ഷ്യ വിഷബാധപോലെയുളള അസുഖങ്ങൾ ഉണ്ടാക്കാൻ കാരണമാകുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ പറഞ്ഞു.

ഉപഭോക്താക്കൾ വൃത്തിയും ശുചിത്വവുമുളള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽനിന്നും മാത്രമേ ഇവ വാങ്ങാൻ പാടുളളു. ഗുണനിലവാരത്തിൽ എന്തെങ്കിലും സംശയം തോന്നുന്ന പക്ഷം അത്തരം ഭക്ഷ്യ വസ്തുക്കളും പാനീയങ്ങളും ഒരു കാരണവശാലും ഉപയോഗിക്കരുതെന്നും അധികൃതർ മുന്നറിപ്പ് നൽകി. ഫുൾ ജാർ സോഡ വിൽപ്പന നടത്തുന്ന തെരുവോര ഭക്ഷ്യ വിൽപ്പന സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമത്തിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന‌് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമീഷണർ പി ജെ വർഗീസ് അറിയിച്ചു. 

കച്ചവടക്കാർ ഭക്ഷ്യ സുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ എടുക്കണം. അത‌് ഉപഭോക്താക്കൾ കാണുന്ന വിധം പ്രദർശിപ്പിക്കണം. ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ സൂക്ഷിക്കണം. സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന വെളളം, ഐസ് മുതലായവ ശുദ്ധവും രോഗാണുവിമുക്തവുമാക്കണം. വൃത്തിഹീനമായ ചുറ്റുപാടുകളിലും, ഈച്ച, പൊടി മുതലായവ മലിനപ്പെടുത്തുന്ന സാഹചര്യത്തിലും ഭക്ഷണസാധനങ്ങൾ ഉണ്ടാക്കരുത‌്.

ജീവനക്കാർ കർശനമായ വ്യക്തി ശുചിത്വം പാലിക്കണം. സോഡ മുതലായ ബോട്ടിൽ പാനീയങ്ങൾ നിയമാനുസൃത ലൈസൻസുളള സ്ഥാപനങ്ങളിൽനിന്നു മാത്രം വാങ്ങണം. ബോട്ടിലിന് പുറത്ത് ഭക്ഷ്യ സുരക്ഷാ ലേബൽ വ്യവസ്ഥകൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണം. ഉൽപാദകന്റെ മേൽവിലാസം, ഭക്ഷ്യ സുരക്ഷാ ലൈസൻസ് നമ്പർ തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.  അല്ലാത്തപക്ഷം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K