11 June, 2019 08:14:10 PM


സ്‌കൂൾ വിദ്യാർഥിനിയെ അശ്ലീല ചേഷ്ടകൾ കാണിച്ച ഓട്ടോ ഡ്രൈവര്‍ക്ക് അഞ്ചു വർഷം കഠിന തടവും പിഴയും



കാസർകോട്: സ്‌കൂൾ വിദ്യാർഥിനിയെ അശ്ലീല ചേഷ്ടകൾ കാണിച്ച കേസിൽ പ്രതിയായ ഓട്ടോ ഡ്രൈവറെ കോടതി അഞ്ചു വർഷം കഠിന തടവിനും 15,000 രൂപ പിഴയടയ‌്ക്കാനും ശിക്ഷിച്ചു. ബേളൂർ നായ്ക്കയം കുറുവാട്ടിൽ സി സുധീഷി (29)നെയാണ‌് ജില്ലാ അഡീഷണൽ സെഷൻസ് (1) കോടതി ജഡ്ജി പി എസ് ശശികുമാർ ശിക്ഷിച്ചത്.

മാനഹാനിയുണ്ടാക്കിയതിന‌് മൂന്ന‌് വർഷം കഠിന തടവും 10,000 രൂപ പിഴയും ലൈംഗിക ചേഷ്ടകൾ കാണിച്ചതിന‌് രണ്ടു വർഷം കഠിന തടവും 5000 രൂപ പിഴയുമാണ‌്  വിധിച്ചത‌്. ശിക്ഷ ഒന്നിച്ച‌് അനുഭവിച്ചാൽ മതി. പിഴയടയ‌്ക്കുകയാണെങ്കിൽ  പരാതിക്കാരിയായ പെൺകുട്ടിക്ക് നൽകണം. അടച്ചില്ലെങ്കിൽ ഇരു കുറ്റങ്ങളിലുമായി മൂന്നുമാസം വീതം അധിക തടവ‌് അനുഭവിക്കണം.

2015 നവംബർ 30നാണ‌് കേസിനാസ‌്പദമായ സംഭവം. കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂളിലെ കലോത്സവം കാണാൻ പോവുകയായിരുന്നു പതിനേഴുകാരിയായ പെൺകുട്ടി. പുതിയകോട്ട റോഡരികിലൂടെ നടന്നുപോകുമ്പോൾ അതുവഴി ഓട്ടോയുമായി വന്ന സുധീഷ് തടഞ്ഞുനിർത്തി അപമര്യാദയായി പെരുമാറുകയും അശ്ലീല ചേഷ്ടകൾ കാണിക്കുകയും ചെയ‌്തുവെന്നാണ‌് കേസ‌്. ഹൊസ്ദുർഗ് എസ്ഐ പി വി ശിവദാസനാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരടക്കം 16 സാക്ഷികളെ വിസ്തരിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K