04 June, 2019 02:21:18 PM
ഫുള്‍ജാര്‍ സോഡ: കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പണി തുടങ്ങി
കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായ ഫുള്‍ജാര്‍ സോഡ കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നൈറ്റ് റൈഡിലാണ് കോഴിക്കോട് സൗത്ത് ബീച്ചില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഫുള്‍ജാര്‍സോഡ വില്‍പന നടത്തുന്ന തട്ടുകടയും, കടയിലെ ഉപകരണങ്ങളും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം ഫുള്‍ജാര്‍ സോഡ കഴിക്കാനെത്തിയ യുവാവ് വൃത്തിഹീനമായ സാഹചര്യത്തില്‍ ഇത് വിതരണം ചെയ്യുന്നതുമായ ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ആര്‍.എസ് ഗോപകുമാറിന്റെ ശ്രദ്ധയില്‍പെടുകയും ഇതിന്റെ അടിസ്ഥാനത്തില്‍ നൈറ്റ് റൈഡ് നടത്തുന്ന സംഘത്തെ വിവരം അറിയിക്കുകയായിരുന്നു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സി മുരളീധരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍കുമാര്‍, ഇ.പി ശൈലേഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഫുള്‍ജാര്‍സോഡ വില്‍പന നടത്തുന്ന മറ്റിടങ്ങളില്‍ നാളെ പരിശോധന നടത്തുമെന്നും, ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്തുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു.