02 June, 2019 01:10:07 AM
പ്രളയം: ആറ് പേർക്ക് ആശ്രയമായി പാറക്കടവ് സഹകരണ ബാങ്ക് ; വീടുകളുടെ താക്കോൽദാനം ഇന്ന്
കൊച്ചി: അഞ്ച് ദിവസം തളം കെട്ടി നിന്ന വെള്ളത്തിൽ അവസാന നാൾ അലിഞ്ഞു ചേർന്ന വീട്. അതുപേക്ഷിച്ച് ജീവൻ മാത്രം കൈപിടിച്ച് സഹൃദനായ സുഹൃത്തിന്റെ വീടിന്റെ ടെറസിൽ താമസം. നിലം പൊത്തിയ വീട് 42 ദിവസം കൊണ്ട് പുനർനിർമിച്ചപ്പോൾ ഉടമസ്ഥൻ വിൽസൻ പറയുന്നു - "ശരിക്കും ഒരു സ്വപ്നം കണ്ടതു പോലുണ്ട്. ഒന്നും വിശ്വസിക്കാൻ പറ്റണില്ല. വീട് പോയതും, വീട് നിർമ്മിച്ചതും, പ്രളയവും ദുരിതങ്ങളും എല്ലാം ".
അപകടത്തിൽ കാൽമുട്ടിന് പരിക്കു പറ്റി ചികിത്സയിൽ കഴിയുന്ന വിൻസൻ പുതിയ വീടിന്റെ പൂമുഖ പടിയിൽ നിന്ന് സംസാരിക്കുന്നത് സങ്കടക്കഥകളല്ല. എല്ലാം നഷ്ടപ്പെട്ടിട്ടും എല്ലാം തിരിച്ചു കിട്ടിയതിന്റെ, തിരികെ കൊടുത്തതിന്റെ നന്ദി കൂടിയാണ്. സംസ്ഥാന സർക്കാർ പദ്ധതിയായ കെയർ ഹോമിലൂടെ പാറക്കടവ് സർവീസ് സഹകരണ ബാങ്കാണ് വിൽസനും പഞ്ചായത്തിലെ മറ്റ് അഞ്ച് പേർക്കും വീട് നിർമ്മിച്ച് നൽകിയത്. പണി പൂർത്തിയായ വീടുകൾ ഇന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള ഉടമസ്ഥർക്ക് കൈമാറും.
പ്രളയത്തിൽ പൂർണമായും തകർന്ന ആറ് വീടുകളാണ് പാറക്കടവ് സഹകരണ ബാങ്ക് നിർമ്മിച്ചു നൽകിയത്. ജില്ലാ ഭരണകൂടം നിർദ്ദേശിച്ചവർക്കാണ് വീട് നിർമ്മിച്ചത്. മൂഴിക്കുളം വലിയ പറമ്പിൽ വിൽസനും ഭാര്യ മോളിക്കുമാണ് ആദ്യ വീട് ലഭിച്ചത്. പ്രളയത്തിൽ വീട് പൂർണമായും തകർന്ന ഇവർ സുഹൃത്തിന്റെ വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിൽസനും ഭാര്യ മോളിക്കും പുതിയ വീട് നിർമ്മിക്കുകയെന്നത് സ്വപ്നം മാത്രമായിരുന്നു. കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തിയതിന് സർക്കാരിന് നന്ദി അറിയിക്കുകയാണ് വിത്സൻ.
കൂലിപ്പണിക്കാരനായ മൂഴിക്കുളം കുറ്റിക്കാട്ടുത്തറ തങ്കപ്പന്റ വീടിന്റെ പകുതിയും പ്രളയത്തിൽ ഇടിഞ്ഞു വീണിരുന്നു. കെയർ ഹോം പദ്ധതിയിലൂടെ അടച്ചു റപ്പുള്ള വീടാണ് ഇവർക്കും ലഭിച്ചത്. വീടിന്റെ പണികളെല്ലാം പൂർത്തിയായി. വീട് കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നതായി തങ്കപ്പന്റെ ഭാര്യ ഷൈല പറയുന്നു. സർക്കാർ വീട് പോയ എല്ലാവർക്കും വീട് നൽകുമെന്ന് പറഞ്ഞത് ഉറച്ച വിശ്വാസത്തിലാണ് എടുത്തത്. സർക്കാർ വാക്കുപാലിക്കുമെന്ന് വിശ്വാസം ഉണ്ടായിരുന്നതായും ഷൈല പറയുന്നു. ഇവർക്ക് വിദ്യാർത്ഥിയായ ഒരു മകനും ഉണ്ട്.
ഏഴും, അഞ്ചും, നാലും വയസായ മൂന്നു മക്കൾക്കും പ്രായമായ അമ്മക്കും മഴ നനയാതെ ,വെയിലു കൊള്ളാതെ കിടക്കാൻ ഇടം കിട്ടിയതിന്റെ സന്തോഷത്തിലാണ് പൂവത്തുശ്ശേരി ഇരുമ്പുങ്കൽ അനില സനോജ്. മഴ പെയ്താൽ വെള്ളം കെട്ടുന്ന ഭൂമിയിൽ അനിലയുടെയും ഭർത്താവ് സനോജിന്റെയും നിർദ്ദേശപ്രകാരമാണ് വീട് നിർമ്മിച്ചത്. തറ കരിങ്കല്ല് കെട്ടി ഉയർത്തി ചെറിയ വെള്ളക്കെട്ട് പ്രതിരോധിക്കാവുന്ന രീതിയിലാണ് വീട്. കരിങ്കല്ല് പണിക്കാരനായ സനോജിനും പുതിയ വീട് സ്വപ്നം കണ്ടതിലും അപ്പുറമാണ്.
ഭർത്താവ് മരിച്ച് ആശ്രയമറ്റ രാധയുടെ കൈകളിലേക്ക് നൽകിയ പുതിയ വീട് മുന്നോട്ട് ജീവിക്കാനുള്ള ശക്തി കൂടിയാണെന്ന് രാധ പറയുന്നു. കിടപ്പു രോഗിയായ അമ്മയേയും കൊണ്ട് കഷ്ടപ്പെടുമ്പോഴാണ് പുതിയ വീട് നിർമ്മിച്ചു നൽകാമെന്നേറ്റ് ബാങ്കുകാർ വന്നത്. അവർ തന്നെ മുഴുവൻ പണികളും പൂർത്തിയാക്കി തന്നു. ഇത് ഒരിക്കലും മറക്കാൻ കഴിയാത്ത നന്മയാണെന്നും രാധ പറയുന്നു. പൂവത്തുശ്ശേരി തിരുപ്പനമ്പിൽ രാംദാസിനും, ഐനിക്കത്താഴം മണക്കുന്ന് വേലായുധനുമാണ് ബാങ്ക് വീട് നിർമ്മിച്ചു നൽകിയത്.
മുഴുവൻ വീടുകളും സർക്കാർ നൽകിയ 4,95,000 രൂപയ്ക്കാണ് പണി പൂർത്തീകരിച്ചതെന്ന് ബാങ്ക് പ്രസിഡന്റ് സി എം സാബു പറഞ്ഞു. ബനിഫിഷറി കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ സഹകരണം ആദ്യാവസാനം ഉണ്ടായിരുന്നു. ആറ് വീടുകളുടെയും നിർമാണം പൂർത്തീകരിച്ചതായി സാബു പറഞ്ഞു. ഇന്ന് കുറുമശ്ശേരി ഹാളിൽ നടക്കുന്ന താക്കോൽദാന ചടങ്ങിൽ ബാങ്കിന്റെ പ്രത്യാശ പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം ജി സി ഡി എ ചെയർമാൻ വി.സലിം നിർവഹിക്കും.