17 May, 2019 05:54:14 PM
മുളവൂര്‍ മൂവാറ്റുപുഴയിലെ രണ്ടാമത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസാകുന്നു
മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസായി പ്രഖ്യാപിച്ച മുളവൂര്‍ വില്ലേജ് ഓഫീസിന്റെ നിർമ്മാണം പൂർത്തിയായി. കേരളപിറവി ദിനത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ നിർമ്മാണോദ്ഘാടനം നിര്‍വ്വഹിച്ച വില്ലേജോഫീസാണ് നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങിയത്. ഇതോടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ രണ്ടാമത്തെ സ്മാർട്ട് വില്ലേജോഫീസായി മുളവൂർ മാറും.
രണ്ട് മാസം മുമ്പ് വെള്ളൂർക്കുന്നം സ്മാർട്ട് വില്ലേജോഫീസിന്റെ ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിച്ചിരുന്നു. സംസ്ഥാനത്ത് സര്‍ക്കാര്‍ ആദ്യം 14-സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാണ് അനുവദിച്ചത്. ഇക്കൂട്ടത്തിൽ ജില്ലയില്‍ മുളവൂര്‍ വില്ലേജ് ഓഫീസിനെയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കാന്‍ തെരഞ്ഞെടുത്തത്. ഇതിനായി 39 ലക്ഷം രൂപയും റവന്യൂ വകുപ്പില്‍ നിന്നും അനുവദിച്ചു. എന്നാൽ നിർമ്മാണം പൂർത്തിയാക്കിയെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ ഉദ്ഘാടനം നടത്താൻ കഴിഞ്ഞില്ല. എന്നാൽ ഓഫീസ് പ്രവർത്തനം പുതിയ മന്ദിരത്തിലാരംഭിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ഐരാപുരം വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആക്കിയിരുന്നു. നിലവിലെ മുളവൂര്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്ന പായിപ്ര പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് സമീപത്താണ് പുതിയ വില്ലേജ് ഓഫീസ് മന്ദിരം നിര്‍മിച്ചിരിക്കുന്നത്. ജില്ലാ നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മ്മാണ ചുമതല. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം.
പുതിയ മന്ദിരത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് സഹായത്തിനായി 'ഫ്രണ്ട് ഓഫീസ്' സംവിധാനവും, ടോക്കണ്‍ സംവിധാനം, നമ്പര്‍ പ്രദര്‍ശിപ്പിക്കുന്ന ഇലക്ട്രോണിക് ബോര്‍ഡ്, സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും വികലാംഗര്‍ക്കും വിശ്രമമുറി, ഒരേസമയം ഏഴുപേര്‍ക്ക് ഇരുന്ന് ജോലിചെയ്യാന്‍ പാകത്തിലുള്ള ഫ്രണ്ട് ഓഫീസ്, ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം, ഫയലുകള്‍ സൂക്ഷിക്കാന്‍ അടച്ചുറപ്പുള്ള ഡോക്യുമെന്റ് റൂം, പൂന്തോട്ടം എന്നിവ ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ വിവിധ സേവനങ്ങള്‍ക്കായി ഏറ്റവും കൂടുതൽ പൊതു ജനങ്ങൾ എത്തുന്ന വില്ലേജ് ഓഫീസുകളില്‍ ഒന്നാണ് മുളവൂര്‍ വില്ലേജ് ഓഫീസ്.