15 May, 2019 06:38:36 PM


പൊലീസുകാർക്ക് പോസ്റ്റൽ ബാലറ്റ് നൽകിയില്ല: രണ്ട് പൊലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ



കാസർകോട്: ബേക്കലിൽ യുഡിഎഫ് അനുഭാവികളായ 33 പൊലീസുദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന ആരോപണത്തിൽ രണ്ട് പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ. എഎസ്ഐ റാങ്കിലുള്ള റൈറ്റർ ശശി, പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായ സിപിഒ സുരേഷ് എന്നിവർക്കെതിരെയാണ് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. 


മെയ് 12നാണ് പോസ്റ്റൽ വോട്ടിന് അപേക്ഷ നൽകിയത്. 16ന് അപേക്ഷ പോസ്റ്റ് ഓഫീസിൽ എത്തിയത്. പക്ഷേ, 24ന് മാത്രമേ കളക്ടറേറ്റിലെ സെക്ഷനിൽ അപേക്ഷ എത്തിയുള്ളൂ. അപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. ഇത് പൊലീസുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നാണ് കണ്ടെത്തൽ. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഡിജിപി ലോക്നാഥ് ബെഹ്‍റയ്ക്ക് കൈമാറി. 


44 പൊലീസുകാർ പോസ്റ്റൽ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും 11 പേർക്ക് മാത്രമേ ബാലറ്റ് ലഭിച്ചുള്ളൂ എന്ന പരാതിയിലാണ് നടപടിക്ക് ശുപാർശ. 33 പൊലീസുകാർ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇ-മെയിലായാണ് പരാതി നൽകിയത്. എല്ലാ പോസ്റ്റൽ ബാലറ്റുകളും നൽകിയിട്ടുണ്ടെന്നാണ് റിട്ടേണിംഗ് ഓഫീസർ പറയുന്നത്. ഇതേത്തുടർന്നാണ് പോസ്റ്റൽ ബാലറ്റിൽ തിരിമറി നടത്തിയത് അന്വേഷിക്കുന്ന അതേ ക്രൈംബ്രാഞ്ച് സംഘത്തിന് ഈ കേസിന്‍റെ അന്വേഷണവും ഡിജിപി കൈമാറിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K