14 May, 2019 03:28:29 PM


അധ്യാപകൻ ഉത്തര കടലാസ് തിരുത്തിയ സംഭവം: വീണ്ടും പരീക്ഷ എഴുതാനുള്ള നിർദേശം തള്ളി കുട്ടികൾ



കോഴിക്കോട്: ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ കോഴിക്കോട് നീലേശ്വരം സ്കൂളിലെ കുട്ടികളോട് വീണ്ടും പരീക്ഷ എഴുതാൻ വിദ്യാഭ്യസ വകുപ്പിന്‍റെ നിർദേശം. സേ പരീക്ഷയ്ക്ക് ഒപ്പം എഴുതാനുള്ള ഈ നിർദേശം അംഗീകരിക്കാനാവില്ലെന്ന് മാതാപിതാക്കളും വിദ്യാർത്ഥികളും. അധ്യാപകൻ ഇത്തരത്തിൽ ഒരു ക്രമക്കേട് നടത്തുന്നതിനെക്കുറിച്ച് തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്നും നന്നായി പഠിച്ചാണ് പരീക്ഷ എഴുതിയതെന്നും കുട്ടികൾ അറിയിച്ചു. 


സംഭവത്തില്‍  ഹയർ സെക്കൻഡറി ജോയിന്‍റ്, ഡെപ്യൂട്ടി ഡയറക്ടർമാർ ഇന്ന് രാവിലെ സ്‌കൂളിൽ എത്തി കുട്ടികളുടേയും അധ്യാപകരുടേയും മൊഴി എടുത്തു. അതേ സമയം ഉത്തരക്കടലാസ് തിരുത്തിയ അധ്യാപകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ആൾമാറാട്ടം അടക്കം ജാമ്യമില്ലാ വകുപ്പുകളാണ് അധ്യാപകർക്കെതിരെ മുക്കം പൊലീസ് ചുമത്തിയിരിക്കുന്നത്. അതിനിടെ, മുൻകൂർ ജാമ്യത്തിനായി പ്രതികൾ ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി പരീക്ഷാ ദിവസം സ്കൂളിൽ ഉണ്ടായിരുന്ന മറ്റ് അധ്യാപകരിൽ നിന്നും ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ മൊഴിയെടുക്കുന്നുണ്ട്.


നീലേശ്വരം സ്കൂൾ പ്രിൻസിപ്പലും പരീക്ഷ ചീഫ് സൂപ്രണ്ടുമായ കെ റസിയ, അഡീഷണൽ ഡെപ്യൂട്ടി ചീഫ് നിഷാദ് വി മുഹമ്മദ്, ചേന്നമംഗലൂർ സ്‌കൂളിലെ അദ്ധ്യാപകനും പരീക്ഷ ഡെപ്യൂട്ടി ചീഫുമായ പി കെ ഫൈസൽ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അധ്യാപകൻ അടക്കം സസ്‌പെൻഡ് ചെയ്യപ്പെട്ട മൂന്ന് പേർക്കെതിരെയും കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹയർസെക്കന്‍ററി വകുപ്പ് റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ ഗോകുലകൃഷ്ണ മുക്കം പൊലീസ് സ്റ്റേഷനിൽ ഇന്ന് പരാതി നൽകി. 


വിജയശതമാനം കൂട്ടാനാണ് നീലേശ്വരം സ്കൂളിലെ പ്രിൻസിപ്പാളും അധ്യാപകനും ഉത്തരക്കടലാസുകളിൽ തിരുത്തൽ വരുത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രാഥമിക നിഗമനം. മുൻ വർഷങ്ങളിലും ഇതേ രീതിയിൽ പരീക്ഷയിൽ ക്രമക്കേട് നടത്തിയതായാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ സംശയം. ഇക്കാര്യം കൂടി അന്വേഷിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരക്കടലാസുകൾ തിരുത്താനായി പ്രിൻസിപ്പാൾ കെ റസിയയും അധ്യാപകൻ നിഷാദ് വി മുഹമ്മദും വ്യക്തമായി ആസൂത്രണം നടത്തിയതായി വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K