09 May, 2019 08:15:41 AM
മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന കോടതി വിധിയിൽ ആധിയോടെ 300 കുടുംബങ്ങള്‍
കൊച്ചി: എറണാകുളം മരട് മുനിസിപ്പാലിറ്റിയില്‍ തീരദേശ പരിപാലനച്ചട്ടം ലംഘിച്ചു നിര്‍മിച്ച അഞ്ചു ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. മുത്തേടം കടവിലെ ജെയ്ന്‍ ഹൗസിങ്ങ്, നഗരസഭാ ഓഫീസിടുത്തുള്ള ഹോളി ഫെയ്ത്ത്, നെട്ടൂര്‍ കുണ്ടന്നൂര്‍ കടത്ത് കടവിലുള്ള ആല്‍ഫ വെഞ്ച്വേഴ്‌സ്, കണ്ണാടിക്കാട്ടെ ഗോള്‍ഡന്‍ കായലോരം, ഹോളിഡേ ഹെറിറ്റേജ് എന്നിവ പൊളിക്കാനാണ് ഉത്തരവ്.
ഇതില്‍ ഹോളിഡേ ഹെറിറ്റേജിനു പെര്‍മിറ്റ് ലഭിച്ചിരുന്നെങ്കിലും കെട്ടിടം നിര്‍മിച്ചിട്ടില്ല. അനധികൃത നിര്‍മാണങ്ങള്‍ കാരണം കേരളത്തിന് ഇനി പേമാരിയും പ്രളയദുരന്തവും താങ്ങാന്‍ കഴിയില്ലെന്നു വിലയിരുത്തിയാണു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കി മരട് മുനിസിപ്പാലിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു കോടതി പറഞ്ഞു.
2005-2010 കാലത്തു നിര്‍മിച്ച ഫ്ലാറ്റുകളിലായി മുന്നൂറോളം കുടുംബങ്ങളാണു താമസിക്കുന്നത്. നിയമം ലംഘിച്ചാണു നിര്‍മാണമെന്നറിയാതെ 50 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ നല്‍കി അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയവരും വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നവരും ഇതിലുണ്ട്.കോടതിയുത്തരവ് അറിഞ്ഞതോടെ പലരും മാനസികമായി തളര്‍ന്ന അവസ്ഥയിലാണ്. വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനും ആലോചന തുടങ്ങി.
പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടതിനു ശേഷം, ഒരു കോടി രൂപ പിഴ ഈടാക്കി ചിലവന്നൂരിലെ ഡി.എല്‍.എഫ്. ഫ്ലാറ്റിന് ഇളവു നല്‍കിയതിലാണു പ്രതീക്ഷ. 2006 ല്‍ പഞ്ചായത്തായിരിക്കെയാണ് തീരദേശ പരിപാലന നിയമപ്രകാരം സോണ്‍ ത്രീയില്‍ വരുന്ന മരടില്‍ കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് ലഭിച്ചത്. പിന്നീട് മുനിസിപ്പാലിറ്റിയായതോടെ ഈ പ്രദേശം സോണ്‍ രണ്ടിലായി. പെര്‍മിറ്റ് ലഭിച്ചപ്പോള്‍ത്തന്നെ തീരദേശ പരിപാലന നിയമം ലംഘിക്കപ്പെട്ടെന്നു സുപ്രീം കോടതി കണ്ടെത്തി.
ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന തീരദേശ പരിപാലന അതോറിറ്റിയു-ടെ ഉത്തരവിനെതിരേ ഫഌറ്റ് ഉടമകള്‍ െഹെക്കോടതിയെ സമീപിച്ചിരുന്നു. സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും കെട്ടിട നിര്‍മാതാക്കള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചതു ചോദ്യംചെയ്ത് തീരദേശപരിപാലന അതോറിറ്റിയാണു സുപ്രീം കോടതിയിലെത്തിയത്