06 May, 2019 11:51:57 AM
പെരിയ ഇരട്ടക്കൊല: കുഞ്ഞിരാമന്‍ എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കളെ ചോദ്യം ചെയ്തു
കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊല കേസ് അന്വേഷിക്കുന്ന പ്രത്യേക ക്രൈംബ്രാഞ്ച് സംഘം സിപിഎം നേതാക്കളെ ചോദ്യം ചെയ്തു. സിപിഎം നേതാവും ഉദുമ എം.എൽ.എയുമായ കെകുഞ്ഞിരാമൻ, മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ, സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ.മണികണ്ഠൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി മുസ്തഫ എന്നിവരെയാണ് അന്വേഷണം സംഘം തങ്ങളുടെ ക്യാംപിലേക്ക് വിളിച്ചു വരുത്തി മൊഴി എടുത്തത്.
കൊലപ്പെട്ട ശരത് ലാലിന്‍റേയും കൃപേഷിന്‍റേയും കുടുംബാംഗങ്ങളും കോണ്‍ഗ്രസ് നേതൃത്വവും തുടക്കം തൊട്ടേ സിപിഎം ഉന്നതനേതാക്കള്‍ക്ക് ഇരട്ടക്കൊലയില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്നുണ്ട്. പെരിയ ഇരട്ടക്കൊല നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ശരത് ലാലിന്‍റെ വീടിന് അടുത്ത് നടന്ന സിപിഎം പൊതുയോഗത്തില്‍ വിപിപി മുസ്തഫ ഭീഷണി മുഴക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. അതേസമയം പെരിയ ഇരട്ടക്കൊല കേസിന്‍റെ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നതായി ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിച്ചു. കുറ്റപത്രം ഉടനെ തന്നെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും എന്നാണ് വിവരം.