28 April, 2019 05:51:27 PM
പരിസ്ഥിതി പരിപാലനം: മീനച്ചില്‍ നദീ സംരക്ഷണ സമിതിക്ക് വിദ്വാന്‍ കേളു നായര്‍ പുരസ്‌കാരം
ഏറ്റുമാനൂര്‍ : വടക്കന്‍ കേരളത്തിലെ സ്വാതന്ത്ര്യസമരഭടനും സാഹിത്യകാരനും നവോത്ഥാന നായകനുമായിരുന്ന വിദ്വാന്‍ പി.കേളു നായരുടെ സ്മരണയ്ക്കായി ഗാന്ധിയന്‍ കര്‍മപരിപാടികളുമായി മുന്നോട്ടു പോകുന്ന സംഘടനയ്ക്ക് നല്‍കുന്ന രണ്ടാമത് പുരസ്‌കാരം കോട്ടയം ജില്ലയിലെ മീനച്ചില്‍ നദീസംരക്ഷണ സമിതിക്ക്. വര്‍ഷങ്ങള്‍ക്കു മുന്‍പു പ്രവര്‍ത്തനം തുടങ്ങിയ മീനച്ചിലാറ് അണക്കെട്ട് വിരുദ്ധ ജനകീയ കൂട്ടായ്മയുടെ തുടര്‍ച്ചയാണ് സമിതി. പരിസ്ഥിതി പരിപാലനത്തിലൂന്നി ആറ്റുവഞ്ചിക്കാടുകളെ സംരക്ഷിത വനമാക്കാനും നിരവധി കൈവഴിത്തോടുകളെ പുനരുജ്ജീവിപ്പിക്കാനും ഡോ.എസ്.രാമചന്ദ്രന്‍, എബി ഇമ്മാനുവേല്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന സമിതിക്കു കഴിഞ്ഞു. കുട്ടികളില്‍ പരിസ്ഥിതി അവബോധമുണ്ടാക്കല്‍, 2000 ഏക്കര്‍ പുഴയോരം വീണ്ടെടുക്കല്‍, ഗ്രീന്‍ ഓഡിറ്റിങ് എന്നിവയും സമിതിയുടെ നേട്ടങ്ങളാണ്. 10, 000 രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് മെയ് 6 നു വൈകിട്ടു 4. 30 നു കാസര്‍കോട് മാണിയാട്ട് നടക്കുന്ന ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനന്‍ സമ്മാനിക്കും.