26 April, 2019 12:11:08 PM
മദ്യലഹരിയില്‍ യുവതിയുടെ കാര്‍ ഡ്രൈവിംഗ് പരിഭ്രാന്തി പരത്തി; രണ്ട് പേരെ ഇടിച്ചു തെറിപ്പിച്ചു
കൊച്ചി: മദ്യലഹരിയില്‍ വാഹനം ഓടിച്ച യുവതിയും സംഘവും രണ്ട് വഴിയാത്രക്കാരെ ഇടിച്ചു വീഴ്ത്തി. എറണാകുളം കുഴുപ്പിള്ളി ഭാഗത്ത് ഇന്നലെ രാത്രി എട്ടുമണിയോടെ ആയിരുന്നു സംഭവം. റോഡരികില്‍ നില്‍ക്കുകയായിരുന്ന എടവനക്കാട് സ്വദേശി യാസിനി (46) മകന്‍ അക്ബര്‍ (12) എന്നിവര്‍ക്കാണ് കാറിടിച്ച് പരിക്കേറ്റത്. ഇടപ്പള്ളി സ്വദേശിയായ യുവതിയും മറ്റൊരു സ്ത്രീയും രണ്ട് പുരുഷന്മാരും ഉള്‍പ്പെട്ട സംഘമാണ് കാറിലുണ്ടായിരുന്നത്.
നിരവധി വാഹനങ്ങളില്‍ ഇടിക്കുകയും ഉരസുകയും ചെയ്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാറിനെ പിന്തുടര്‍ന്നു. ഇതിനിടെ നിയന്ത്രണംവിട്ട് റോഡരികിലെ കടയുടെ ഷട്ടറിലും ഓട്ടോയിലും ഇടിച്ചു. ഓട്ടോ ഡ്രൈവര്‍ക്ക് പരുക്കേറ്റു. ഇതോടെ നാട്ടുകാര്‍ കാര്‍ തടഞ്ഞുവയ്ക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് വാഹനമോടിച്ച യുവതി മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായത്.