22 April, 2019 04:00:05 PM


ഒളി ക്യാമറ ഓപ്പറേഷന്‍: കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരെ പൊലീസ് കേസ്



കോഴിക്കോട്: സ്വകാര്യ ഹിന്ദി ചാനൽ നടത്തിയ ഒളി ക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. എം കെ രാഘവന്‍റെ പരാതിയിൽ അന്വേഷണം നടന്നുവെങ്കിലും ഗൂഢാലോചന കണ്ടെത്താനായില്ലെന്ന് പൊലീസ് വിശദമാക്കി. 


തെരഞ്ഞെടുപ്പ് ചെലവിനായി അഞ്ച് കോടി രൂപ ആവശ്യപ്പെടുന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മദ്യം ഒഴുക്കിയതായി രഘവൻ വെളിപ്പെടുത്തുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. വീഡിയോ കൃത്രിമമല്ലെന്നാണ് കണ്ടെത്തല്‍. രാഘവന്‍റെ മൊഴിയും വീഡിയോയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണ് വിലയിരുത്തല്‍. ജനപ്രാതിനിധ്യ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒരു ലാണ് എം കെ രാഘവൻ കുടുങ്ങിയത്. 


രാഘവന്‍റെ നടപടി പെരുമാറ്റ ചട്ട ലംഘനമാണെന്നും കോഴ ആവശ്യപ്പെട്ടതിൽ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ഇടത് മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.  ഈ പരാതികളില്‍ അന്വേഷണം നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഡിജിപിയ്ക്ക് നിർദ്ദേശം നൽകി. ഈ  നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് മേധാവി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് ഇ മെയിൽ വഴി നിയമോപദേശം തേടിയത്.


കേസന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ രാഘവന്‍റെ മൊഴിയും, ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയ ചാനല്‍ പ്രതിനിധികളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ചാനല്‍ പുറത്തു വിട്ട ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ആരോപണം കെട്ടിച്ചമച്ചതെന്ന നിലപാട് മൊഴിയില്‍ രാഘവന്‍ ആവര്‍ത്തിച്ചപ്പോള്‍ വാര്‍ത്തയില്‍ വാസ്തവ വിരുദ്ധമായ ഒന്നുമില്ലെന്നാണ് ചാനല്‍ മേധാവിയുടെയും റിപ്പോര്‍ട്ടര്‍മാരുടെയും മൊഴി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K