18 April, 2019 10:16:03 PM
അമ്മയുടെ മര്‍ദ്ദനമേറ്റ മൂന്ന് വയസ്സുകാരന്‍റെ നില ഗുരുതരം; തലച്ചോറിന്‍റെ പ്രവർത്തനം നിലച്ചുതുടങ്ങി
ആലുവ: അമ്മ ക്രൂരമായി മർദ്ദിച്ച മൂന്ന് വയസ്സുകാരന്‍റെ നില അതീവ ഗുരുതരം. തലച്ചോറിന്‍റെ പ്രവർത്തനം നിലച്ചുതുടങ്ങി. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും തലച്ചോറിലെ പരിക്ക് ഗുരുതരമാണെന്നും ആശുപത്രിയില്‍ കുട്ടിയെ പരിശോധിച്ച മെഡിക്കൽ സംഘം അഭിപ്രായപ്പെട്ടു. ഇന്നലെ വൈകുന്നരമാണ് ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നത്.
അതേ സമയം സംഭവത്തില്‍ ജാർഖണ്ഡ് സ്വദേശിയായ അമ്മയ്ക്കും അച്ഛനുമെതിരെ വധശ്രമത്തിന് കേസെടുത്തു. കുട്ടിയെ മർദ്ദിച്ച അമ്മയുടെ അറസ്റ്റ് വധശ്രമം ചുമത്തി രേഖപ്പെടുത്തി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. ശരീരത്തിലെ മറ്റ് മുറിവുകൾ മര്‍ദനത്തെ തുടർന്ന് സംഭവിച്ചതെന്ന പ്രാഥമിക നിഗമനത്തെ തുടര്‍ന്നാണ് അറസ്റ്റ്. കുഞ്ഞിന്‍റെ പരിക്കുകള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലായിരുന്നുവെന്ന് നേരത്തെ ആശുപത്രി അധികൃതര്‍ വിശദമാക്കിയിരുന്നു.
വീടിന്‍റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്‍റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനേയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരന്‍റെ ശസ്ത്രക്രിയ പൂർത്തിയായിരുന്നു. കുട്ടിയുടെ വലത് മസ്തിഷ്കത്തിലാണ് സാരമായ പരിക്കേറ്റത്.