18 April, 2019 09:08:02 AM


എറണാകുളം മുളന്തുരുത്തിയിൽ ഇടിമിന്നലേറ്റ് മരിച്ചവരുടെ സംസ്കാരം ഇന്ന്


 


മുളന്തുരുത്തി : വേനൽമഴക്കൊപ്പം വന്ന ഇടിമിന്നലേറ്റ്  മരിച്ച വെട്ടിക്കൽ പാമ്ബ്ര മണ്ടോത്തുംകുഴിയിൽ ജോണിയുടെ ഭാര്യ ലിസി (49) ജോണിയുടെ സഹോദരിയുടെ മകൻ അനക്സ് (15) എന്നിവരുടെ സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് നടക്കും. ലിസിയുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വെട്ടിക്കൽ കർമ്മേൽകുന്ന് പള്ളിയിലും അനക്സിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കടമറ്റം സെന്റ് ജോർജ് യാക്കോബായ പള്ളിയിലും നടക്കും. വടവ് കോട് രാജർഷി മെമ്മോറിയൽ ഹൈസ്കൂളിൽ ഈ വർഷം എസ് എസ് എൽസി പരീക്ഷ എഴുതിയിരിക്കുകയായിരുന്നു അനക്സ്.


ഇടിമിന്നലിൽ പരിക്കേറ്റ ജോണിയുടെ മകൾ ആദിയ ജോൺ (ചിന്നു -13)  നെ വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് അഞ്ചിനാണ് നാടിനെ നടുക്കിയ സംഭവം. വെട്ടിക്കൽ കവലയിൽ ചെരുക്കുംകുഴിയിൽ സാജുവിന്റെ വീട്ടിൽ  ഒരു വർഷമായി ഇവർ വാടകക്ക് താമസിച്ചു വരികയായിരുന്നു . അടുക്കള ഭാഗത്തുള്ള തുറസായ സ്ഥലത്ത് മൂവരും നിൽക്കുമ്പോഴാണ് ശക്തമായ മിന്നലും ഇടിയും ഉണ്ടായത്. ഇടിമിന്നലേറ്റ ഉടനെ ലിസിയും അനക്സും മുറ്റത്തേക്ക്  തെറിച്ച് വീണു.


മിന്നലിന്റെ ആഘാതത്തിൽ പൊള്ളലേറ്റ ആദിയ (ചിന്നു) നിലവിളിച്ചു  കൊണ്ട് അയൽവാസിയായ പൊന്നമ്മയോട് വിവരം പറഞ്ഞു.ഇവർ ഓടി ചെല്ലുമ്പോൾ ലിസിയും അനക്സും അനക്കമറ്റ നിലയിൽ കിടക്കുവായിരുന്നു. ഇവരുടെ കൂട്ട നിലവിളി കേട്ട് എത്തിയവർ വെട്ടിക്കൽ കവലയിലുള്ള വാഹനത്തിൽ കയറ്റി മൂവരേയും ആരക്കുന്നം എ പി വർക്കി മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരണമടഞ്ഞു. മൃതദേഹം പിറവം ജെഎം പി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 


പരിക്കേറ്റ ആദിയ വെട്ടിക്കൽ സെന്റ് എഫ്രേം സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും ജോണി ഇതേ സ്കൂളിലെ ബസ് ഡ്രൈവറുമാണ്. അനക്സിന്റെ പിതാവ്  പെരുവംമൂഴിയിൽ ബിജു രണ്ട് വർഷം മുമ്പ് വാഹനാപകടത്തിൽ മരണമടഞ്ഞിരുന്നു. മാതാവ് സാലി അർബുദം ബാധിച്ച് അഞ്ച് വർഷം മുമ്പാണ് മരിച്ചത്.അനക്സിന്റെ സഹോദരി അന്ന കിഴക്കമ്പലം ബേത് ലഹേം ദയറാസ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K