17 April, 2019 11:54:27 AM


രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലിയില്‍ രാഹുല്‍ പിതൃതര്‍പ്പണം നടത്തി




കല്‍പ്പറ്റ: വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി തിരുനെല്ലിയിലെത്തി പിതൃതര്‍പ്പണം നടത്തി. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഇവിടെ നിമഞ്ജനം ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, പി.സി. വിഷ്ണുനാഥ് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.


രാവിലെ 8.40ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ യുഡിഎഫ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് രാഹുല്‍ 9.25നു ഹെലികോപ്ടറില്‍ വയനാട്ടിലേക്കു തിരിച്ചത്. തിരുനെല്ലി ക്ഷേത്രത്തിനു സമീപം പ്രത്യേകം സജ്ജമാക്കിയ ഹെലിപാഡില്‍ 10ന് ഇറങ്ങിയ രാഹുല്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം പാപനാശിനിയില്‍ പിതൃതര്‍പ്പണം നടത്തി. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് എത്തിയപ്പോള്‍ മറ്റ് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. സ്ഥാനാര്‍ഥി എന്ന നിലയില്‍ മണ്ഡലത്തിലെ വോട്ടര്‍മാരെ കണ്ട് വോട്ട് ചോദിക്കുന്നതിനായി ആദ്യമായാണ് അദ്ദേഹം വയനാട്ടില്‍ എത്തുന്നത്.


രാഹുല്‍ എത്തിയതിന്‍റെ ആവേശത്തിലാണ് യുഡിഎഫ് ക്യാമ്പ്. രാഹുല്‍ തിരുനെല്ലിയില്‍ എത്തുന്നതിന് മുന്നോടിയായി പ്രദേശത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷ. വയനാട്, കോഴിക്കോട് ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിലായിരുന്നു സുരക്ഷ. തിരുനെല്ലിയിലെ നിട്ടറ, എരുവക്കി, മാന്താനം എന്നിവ അടക്കമുള്ള കോളിനി പരസരങ്ങളില്‍ തണ്ടര്‍ബോള്‍ട്ടിനെയും വ്യന്യസിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K