11 April, 2019 10:07:26 AM
ഹരിത തെരഞ്ഞെടുപ്പ്: പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി പേപ്പര്‍പേന നിര്‍മിച്ചു നല്‍കി വിദ്യാര്‍ത്ഥികള്‍
കല്‍പ്പറ്റ: ഹരിത തെരഞ്ഞെടുപ്പ് വിജയിപ്പിക്കുന്നതിന്‍റെ ഭാഗമായി അവധിക്കാലം മാറ്റിവച്ച് വിദ്യാര്‍ത്ഥികളും. മുണ്ടേരി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ 50 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് 3300 പേപ്പര്‍ പേനകളാണ് ഇതിന്‍റെ ഭാഗമായി നിര്‍മിച്ചു നല്‍കിയത്. സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരായ വിദ്യാര്‍ത്ഥികളാണ് ഒരാഴ്ചത്തെ ശ്രമഫലമായി ഈ ദൗത്യം പൂര്‍ത്തിയാക്കിയത്.
കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാകളക്ടര്‍ എ.ആര്‍ അജയകുമാര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും പേന ഏറ്റുവാങ്ങി ഇലക്ഷന്‍ വിഭാഗത്തിനു കൈമാറി. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ പേപ്പര്‍ പേനകള്‍ നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തു തന്നെ ആദ്യമായാണ് മുഴുവന്‍ പോളിങ് ഉദ്യോഗസ്ഥരും പ്രകൃതി സൗഹൃദ പേപ്പര്‍പേനകള്‍ ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പേനയുടെ റിഫില്ല് ഒഴികെയുള്ള മറ്റെല്ലാഭാഗങ്ങളും ബ്രൗണ്‍ പേപ്പര്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. പേപ്പര്‍ പേനകള്‍ വിതരണ കേന്ദ്രത്തില്‍ നിന്നു തന്നെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കും.
ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എ ജസ്റ്റിന്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ എ.കെ രാജേഷ്, എം.പി രാജേന്ദ്രന്‍, പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ്, മുണ്ടേരി സര്‍ക്കാര്‍ വൊക്കേഷണല്‍ സ്‌കൂള്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അഫ്‌സത്ത്, കളക്ടറേറ്റ് സീനിയര്‍ സുപ്രണ്ട് ഇ. സുരേഷ് ബാബു, വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.