10 April, 2019 12:02:07 PM
രാഷ്ട്രീയ ഭീഷ്മാചാര്യന് അന്ത്യാഞ്ജലിയുമായി ആയിരങ്ങള്‍; വിലാപയാത്രയ്ക്ക് തുടക്കമായി
കൊച്ചി : അര നൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിന്‍റെയും കേരള കോൺഗ്രസിന്‍റെയും നെടുംതൂണായി നിന്ന കെ.എം.മാണി ഇനി ഓർമ. കെ.എം.മാണിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര കൊച്ചിയിലെ ആശുപത്രിയിൽനിന്ന് ആരംഭിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേകം തയ്യാറാക്കിയ ലോ ഫ്ലോര്‍ ബസിലാണ് മാണിയുടെ അന്ത്യയാത്ര. ഉച്ചയ്ക്ക് കോട്ടയത്തു കേരള കോൺഗ്രസ് സംസ്ഥാന ഓഫിസിലും തിരുനക്കര മൈതാനത്തും ഉച്ചതിരിഞ്ഞ് പാലാ ടൗൺ ഹാളിലും പൊതുദർശനത്തിനു വയ്ക്കും. ഇതിനിടെ കടുത്തുരുത്തി, ഏറ്റുമാനൂര്‍ തുടങ്ങിയ പ്രധാന ടൌണുകളിലും അന്ത്യഞ്ജലി അര്‍പ്പിക്കാന്‍ സൌകര്യമൊരുക്കിയിട്ടുണ്ട്. സംസ്കാരം നാളെ ഉച്ചയ്ക്ക് മൂന്നിന്.
ഏറ്റുമാനൂരില്‍ കുരിശുപള്ളി കവലയിലാണ് ഭാതികശരീരം പൊതുദര്‍ശനത്തിന് വെക്കുകയെന്ന് നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് പറഞ്ഞു. പാലാ എന്ന ഒരേ തട്ടകത്തിൽനിന്ന് ഏറ്റവും കൂടുതൽ തവണ ജയിച്ച എംഎൽഎ (13 പ്രാവശ്യം), ഏറ്റവും കൂടുതൽ കാലം മന്ത്രിസ്‌ഥാനം വഹിച്ച എംഎൽഎ (24 വർഷം), ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗം (12), കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (13 തവണ), ഏറ്റവും കൂടുതൽ കാലം ധന വകുപ്പും (11 വർഷം 8 മാസം) നിയമ വകുപ്പും (21 വർഷം 2 മാസം) കൈകാര്യം ചെയ്‌ത മന്ത്രി തുടങ്ങിയവ കെ.എം മാണി സൃഷ്ടിച്ച റെക്കോർഡുകളാണ്.