05 April, 2019 10:39:13 AM


ഒളിക്യാമറാ വിവാദം: യഥാര്‍ത്ഥ ദൃശ്യങ്ങളില്‍ ഫോറന്‍സിക് പരിശോധന വേണമെന്ന് റിപ്പോര്‍ട്ട്



കോഴിക്കോട്: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്‍ എം.പിയ്ക്കെതിരായ ഒളിക്യാമറാ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കണമെങ്കില്‍ ഫോറന്‍സിക് പരിശോധന വേണ്ടി വരുമെന്ന് ജില്ലാ കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതായി സൂചന.  ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നോയെന്ന് മനസ്സിലാക്കണമെങ്കില്‍ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറും. 


ഭൂമിയിടപാടിനായി എംപിയെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം അഞ്ച് കോടി രൂപ കോഴയായി ആവശ്യപ്പെട്ടുവെന്നാണ് ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തു വിട്ടു കൊണ്ട് ഒരു ഹിന്ദി ദേശീയമാധ്യമം നല്‍കിയ വാര്‍ത്ത. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇത് വളരെ ഗൗരവകരമായ സംഭവമാണെന്നും ഇതേക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ജില്ലാ കളക്ടറോട് ആവശ്യപ്പെടുകയായിരുന്നു. 


വാര്‍ത്തയ്ക്ക് അടിസ്ഥാനമായ വീഡിയോ കളക്ടര്‍ പരിശോധിക്കുകയും വീഡിയോയില്‍ എംപി നടത്തിയ സംഭാഷണങ്ങള്‍ അതേ പോലെ പകര്‍ത്തുകയും ചെയ്തെങ്കിലും വീഡിയോയുടെ ആധികാരികത ഉറപ്പുവരുത്തണം എന്നുണ്ടെങ്കില്‍ ഒറിജിനല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചേ മതിയാവൂ എന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും തന്‍റെ ശബ്ദം ഡബ് ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി എംകെ രാഘവനും ജില്ലാ കളക്ടര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K